ജാവേദ് മുഹമ്മദ് ദിയോറിയ ജയിലിലെന്ന് സ്ഥിരീകരണം; കുടുംബം സന്ദർശിച്ചു

ലഖ്‌നൗ: പ്രയാഗ്‌രാജിൽനിന്ന് യു.പി പൊലീസ് അറസ്റ്റ് ചെയ്ത വെൽഫെയർ പാർട്ടി ദേശീയ കമ്മിറ്റി അംഗം ജാവേദ് മുഹമ്മദ് ദിയോറിയ ജയിലിലുണ്ടെന്ന് സ്ഥിരീകരിച്ച് കുടുംബം. മകളും ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറിയുമായ അഫ്രീൻ ഫാത്തിമയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുടുംബം ചൊവ്വാഴ്ച ജയിലിൽ അദ്ദേഹത്തെ സന്ദർശിച്ചു.

ജാവേദിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന പരാതിയുമായി കഴിഞ്ഞ ദിവസം കുടുംബം രംഗത്തെത്തിയിരുന്നു. അറസ്റ്റിന് ശേഷം ജാവേദിനെ എത്തിച്ചതായി കരുതിയിരുന്ന നൈനി ജയിലിൽ അദ്ദേഹമില്ലെന്ന് കഴിഞ്ഞ ദിവസം അധികൃതർ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ, എവിടെയാണ് വ്യക്തമാക്കാൻ ജയിൽ അധികൃതരോ ജില്ല ഭരണകൂടമോ തയാറായിരുന്നില്ല.

ഇതിനു പിന്നാലെയാണ് ജാവേദിന്റെ ജീവനിൽ ആശങ്ക പ്രകടിപ്പിച്ച് ഭാര്യ പർവീൺ ഫാത്തിമ വാർത്ത കുറിപ്പിറക്കിയത്. അഫ്രീൻ ഫാത്തിമയാണ് മാതാവിന്റെ പേരിൽ തയാറാക്കിയ വാർത്ത കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. അറസ്റ്റ് ചെയ്ത ഒമ്പതു ദിവസം കഴിഞ്ഞിട്ടും ജാവേദിനെക്കുറിച്ച് ഒരു വിവരവും അധികൃതർ നൽകുന്നില്ലെന്ന് ഇതിൽ പരാതിപ്പെടുന്നു. അദ്ദേഹത്തിന്റെ സുരക്ഷയിലും ആരോഗ്യസ്ഥിതിയിലും ആശങ്കയുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കുടുംബത്തെ കുറ്റവാളികളാക്കാനും പീഡിപ്പിക്കാനുമുള്ള നടപടികളെടുക്കുകയാണ് പ്രയാഗ് രാജ് ഭരണകൂടമെന്നും ഇതിൽ ആരോപിച്ചിരുന്നു.

ബി.ജെ.പി നേതാവ് നൂപുർ ശർമയുടെ പ്രവാചകനിന്ദക്കെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ജാവേദ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധങ്ങൾക്കിടെ പ്രയാഗ് രാജിൽ നടന്ന അക്രമങ്ങളുടെ സൂത്രധാരനെന്ന് ആരോപിച്ചായിരുന്നു നടപടി. ജൂൺ 11ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് അറസ്റ്റ് ചെയ്യുകയും അർധരാത്രി ജാവേദിന്റെ വീട്ടിലെത്തി ഭാര്യയെയും മകളെയും പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. ഭാര്യയെയും മകളെയും പിന്നീട് വിട്ടയച്ചു. പിറ്റേ ദിവസം ഇവരുടെ വീട് നഗരഭരണകൂടവും പൊലീസും ചേർന്ന് ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു. 

Tags:    
News Summary - Family confirms Javed Mohammad is in Deoria jail; Visited the jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.