കൊൽക്കത്ത: സർക്കാർ ആശുപത്രികളിലെ കാലഹരണപ്പെട്ടതും കേടായതുമായ സോഡിയം ലായനി/ സലൈൻ ദ്രാവകത്തിന്റെ ഉപയോഗം നിർത്തിവെക്കാത്ത ബംഗാൾ സർക്കാറിനെ വിമർശിച്ച് കൽക്കട്ട ഹൈകോടതി.
മലിനമായ ഐ.വി ദ്രാവകം കയറ്റിയതു മൂലം രണ്ടു സ്ത്രീകളും ഒരു ശിശുവും മരിച്ച സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനവും ജസ്റ്റിസ് ഹിരൺമയ് ഭട്ടാചാര്യയും സർക്കാറിനെതിരെ തിരിഞ്ഞത്. ഒരു സ്ത്രീ മാത്രമാണ് മരിച്ചതെന്ന് സംസ്ഥാന അഡ്വക്കേറ്റ് ജനറൽ പറഞ്ഞു.
2024 ഡിസംബറിൽ ഉൽപാദനം നിർത്താൻ നിർദേശം നൽകിയിട്ടും, പ്രസ്തുത മരുന്നുകളുടെ ഉപയോഗം താൽക്കാലികമായി നിർത്തിവെക്കാൻ ആരോഗ്യവകുപ്പ് മുൻകൈയെടുത്തില്ല എന്നത് അസ്വസ്ഥജനകമാണെന്ന് ചീഫ് ജസ്റ്റിസ് ശിവജ്ഞാനം ഉത്തരവിൽ പറഞ്ഞു. നിലവിലുള്ള സ്റ്റോക്ക് പിൻവലിക്കാനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാൻ പത്തു ദിവസത്തിലധികം സമയമെടുത്തത് എന്തുകൊണ്ടാണെന്ന് തങ്ങൾക്ക് മനസ്സിലാകുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സംസ്ഥാനം ഒരു ‘ക്ഷേമരാഷ്ട്ര’മായതിനാൽ ഇരകളുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം വിതരണം ചെയ്യുമായിരിക്കും. എന്നാൽ, നഷ്ടപ്പെട്ട ജീവൻ തിരികെ കൊണ്ടുവരാൻ കഴിയില്ല. മരുന്നുകൾ നൽകിയ രോഗികളുടെ പട്ടിക ഉൾപ്പെടെ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ ഞങ്ങൾ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് നിർദേശം നൽകുന്നു. നടപടി സ്വീകരിച്ച റിപ്പോർട്ടും സമർപ്പിക്കണം. അതിനുശേഷം കൂടുതൽ നിർദേശങ്ങൾ കോടതി പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.