വ്യാജ ഏറ്റുമുട്ടൽ: മിക്കവയിലും പൊലീസ് പ്രതിസ്ഥാനത്ത്

ന്യൂഡൽഹി: ഹൈദരാബാദിൽ വനിത മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് വ്യക്തമായതിനുപിന്നാലെ, സമാനമായ നിരവധി സംഭവങ്ങൾ വീണ്ടും ചർച്ചയാകുന്നു. 2009ൽ ഡറാഡൂണിലുണ്ടായ വെടിവെപ്പിൽ എം.ബി.എ വിദ്യാർഥി കൊല്ലപ്പെട്ടത്, 1997ൽ ഡൽഹി കോണോട്ട് പ്ലേസിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടത് ഉൾപ്പെടെയാണ് വീണ്ടും വിശകലനം ചെയ്യപ്പെടുന്നത്.

ഗുജറാത്ത് പൊലീസ് വെടിവെച്ചുകൊന്ന സാദിഖ് ജമാൽ കേസിൽ ഉൾപ്പെടെ പൊലീസ് പ്രതിസ്ഥാനത്താണ്. 2003ലാണ്, നരേന്ദ്ര മോദിയെയും മറ്റ് ഉന്നത ബി.ജെ.പി നേതാക്കളെയും കൊലപ്പെടുത്താൻ ജമാൽ പദ്ധതി തയാറാക്കിയെന്ന വിവരം ലഭിച്ചുവെന്നാരോപിച്ച് പൊലീസ് ഇയാളെ വധിക്കുന്നത്. ഈ തിരക്കഥ പിന്നീട് സി.ബി.ഐ അന്വേഷണത്തിൽ പൊളിഞ്ഞു. പൊലീസ് ആസൂത്രണത്തിൽ ഇന്റലിജൻസ് വിഭാഗത്തിനും പങ്കുള്ളതായി വ്യക്തമായിരുന്നു. പിന്നീട് തുളസിറാം പ്രജാപതിയും സൊഹ്റാബുദ്ദീൻ ഷെയ്ഖും ഗുജറാത്ത് പൊലീസിന്റെ വ്യാജ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.

മോദിയെ കൊല്ലാൻ പദ്ധതിയിട്ടവർ എന്നാരോപിച്ചാണ് 2004 ജൂൺ 15ന് അഹ്മദാബാദിനടുത്തുനടന്ന ഏറ്റുമുട്ടലിൽ ഇശ്റത് ജഹാൻ, ജാവേദ് ഷെയ്ഖ്, അംജദലി അക്ബറലി റാണ, സീഷാൻ ജോഹർ എന്നിവരെയും ഗുജറാത്ത് പൊലീസ് വധിച്ചത്. പിന്നീട് പ്രത്യേക അന്വേഷണ സംഘം, ഇശ്റത് ജഹാനുൾപ്പെടെ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് വ്യക്തമാക്കി.

2006ൽ അധോലോക നായകൻ ഛോട്ടാ രാജന്റെ അനുയായി എന്ന് പറയപ്പെടുന്ന രാം നാരായൺ ഗുപ്ത (ലഖൻ ഭയ്യ) മുംബൈ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യക്തമായതിനെ തുടർന്ന് മുംബൈ സെഷൻസ് കോടതി 13 പൊലീസുകാർ ഉൾപ്പെടെ 21 പേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 2009ലാണ് ഡറാഡൂണിൽ നടന്ന വെടിവെപ്പിൽ എം.ബി.എ വിദ്യാർഥി രൺബീർ സിങ് കൊല്ലപ്പെടുന്നത്.

ഈ കേസ് വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യക്തമാക്കി വിചാരണ കോടതി നിരവധി പൊലീസുകാർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ഇത് 2018ൽ ഡൽഹി ഹൈകോടതി ശരിവെക്കുകയും ചെയ്തു.

1997ൽ അധോലോക ഗുണ്ട മുഹമ്മദ് യാസ്നീനെ ലക്ഷ്യമിട്ടാണ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് സ്ക്വാഡ് കോണോട്ട് പ്ലേസിൽ നീല കാറിനുനേർക്ക് വെടിവെച്ചത്. ഇതിൽ ജഗ്ജിത് സിങ്, പ്രദീപ് ഗോയൽ എന്നിവർ കൊല്ലപ്പെട്ടു. ഈ കേസിലും പൊലീസുകാർക്ക് ശിക്ഷ കിട്ടി. സമാനമായ സ്ഥിതിയിലേക്കാണ് ഹൈദരാബാദ് ഏറ്റുമുട്ടൽ കേസും നീങ്ങുന്നത്.

Tags:    
News Summary - Fake encounter: In most cases police intervention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.