ശിവജിയെ കുറിച്ച് വിവാദ പരാമർശം നടത്തിയ ഗവർണർക്ക് പിന്തുണയുമായി ഫട്നാവി​സിന്റെ ഭാര്യ; 'ഗവർണർ മറാത്തിവാദികളുടെ ഹൃദയത്തിലുണ്ട്'

മുംബൈ: ഛത്രപതി ശിവജിയെ കുറിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശാരി നടത്തിയ പരാമർശം വിവാദമായിരിക്കെ, സംസ്ഥാന സർക്കാറിനെ വീണ്ടും കുടുക്കിൽ പെടുത്തി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ ഭാര്യ അമൃത ഫട്നാവിസ് ഗവർണർക്ക് പിന്തുണയുമായി രംഗത്ത്.

'എനിക്ക് ഗവർണറെ വ്യക്തിപരമായി അറിയാം. അദ്ദേഹം മഹാരാഷ്ട്രയിലെത്തിയതിന് ശേഷമാണ് മറാത്തി പഠിച്ചത്. അ​ദ്ദേഹം മറാത്തികളെ ശരിക്കും ഇഷ്ടപ്പെടുന്നുണ്ട്. അത് എനിക്ക് സ്വയം ബോധ്യപ്പെട്ടതാണ്. എന്തെങ്കിലും പറയുമ്പോൾ മറ്റ് അർഥത്തിൽ എടുക്കുന്നത് പല തവണ സംഭവിച്ചിട്ടുണ്ട്. അദ്ദേഹം മറാത്തി വാദികളുടെ ഹൃദയത്തിലുണ്ട്. -അമൃത ഫട്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

ഒരു പൊതുപരിപാടിയിലായിരുന്നു ഗവർണർ വിവാദമായ പരാമർശം നടത്തിയത്. നേരത്തെ, നിങ്ങളുടെ മാതൃക ആരാണെന്ന് ചോദിച്ചാൽ ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്ര ബോസ്, മഹാത്മാ ഗാന്ധി തുടങ്ങി വിവിധ ഉത്തരങ്ങൾ ഉണ്ടാകുമായിരുന്നു. മഹാരാഷ്ട്രയിൽ നിരവധി ഐക്കണുകൾ ഉള്ളതിനാൽ നമുക്ക് മറ്റെവിടെയും നോക്കേണ്ടതില്ല. ഛത്രപതി ശിവജി മഹാരാജ് പഴയ കാലത്തെ ഐക്കണാണ്. ഇന്നത് ബി.ആർ. അംബേദ്കർ, നിതിൻ ഗഡ്കരി എന്നിവരാണ്' -എന്നായിരുന്നു ഗവർണറുടെ പരാമർശം.

ഇതോടെ ഉദ്ധവ് താക്കറെ പക്ഷം രൂക്ഷമായ വിമർശനം ഉയർത്തുകയും കേന്ദ്രത്തിൽ നിന്ന് ആമസോൺ വഴി മഹാരാഷ്ട്രയിലേക്ക് അയച്ച പാഴ്സൽ അഞ്ചു ദിവസത്തിനുള്ളിൽ തിരിച്ചെടുത്തില്ലെങ്കിൽ സംസ്ഥാന വ്യാപക പ്രതിഷേധമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെയാണ് ഗവർണറെ പിന്തുണച്ച് ഉപമുഖ്യമന്ത്രിയുടെ ഭാര്യ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. 

Tags:    
News Summary - Fadnavis's Wife Backs Maharashtra Governor Amid Row Over Shivaji Remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.