ദേവേന്ദ്ര ഫഡ്നാവിസ്, പുരുഷോത്തം രൂപാല

ദേവേന്ദ്ര ഫഡ്നാവിസ് ബി.ജെ.പി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക്? പുരുഷോത്തം രൂപാലയും പരിഗണനയിലെന്ന് റിപ്പോർട്ട്

ബംഗളൂരു: ബി.ജെ.പിയുടെ പുതിയ ദേശീയാധ്യക്ഷ സ്ഥാനത്തേക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗുജറാത്തിൽനിന്നുള്ള മുൻ കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല എന്നിവരെ പരിഗണിക്കുന്നതായി റിപ്പോർട്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെയും സ്ഥാനാർഥിയായി പരിഗണിക്കുന്നുവെന്ന് ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ഫഡ്‌നാവിസിനോട് മഹാരാഷ്ട്ര മുഖ്യമന്ത്രി പദം ഒഴിയാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടിൽ പറയുന്നു. മുഖ്യമന്ത്രി പദം ഒഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും ഭാവിയിൽ വഹിക്കേണ്ട ചുമതല എന്തായിരിക്കുമെന്ന കാര്യത്തിൽ വ്യക്തത നൽകി‍യിട്ടില്ല. ചെറുപ്പമാണെന്നതും, ആർ.എസ്.എസിന്റെ പിന്തുണയും പാര്‍ട്ടി നേതൃത്വത്തിന് താല്‍പര്യമാണ് എന്നതും ഫഡ്‌നാവിസിന്റെ സാധ്യത വര്‍ധിപ്പിക്കുവെന്നാണ് റിപ്പോര്‍ട്ട്.

ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് പുതുതായി ഉയര്‍ന്നുവന്ന പേരാണ് പുരുഷോത്തം രുപാലയുടേത്. ഗുജറാത്തില്‍ നിന്നുള്ള ആർ.എസ്.എസ് പിന്തുണയുള്ള രൂപാല, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പമുള്ളയാളാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ രൂപാല നടത്തിയ ക്ഷത്രിയ വിരുദ്ധ പരാമര്‍ശം അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഭാവിക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. എന്നാല്‍ സംഘപരിവാറിനും ബി.ജെ.പി കേന്ദ്രനേതാക്കള്‍ക്കും ഒരുപോലെ വിശ്വസ്തനാണ് പുരുഷോത്തം രൂപാല.

ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് നേരത്തെതന്നെ ഉയര്‍ന്നുകേട്ട പേരുകളിലൊന്നാണ് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റേത്. അദ്ദേഹത്തിന്റെ പിതാവ് ഡോ. ദേബേന്ദ്ര പ്രധാന്‍ ആർ.എസ്.എസിന്റെ ആജീവനാന്ത അംഗമായിരുന്നു. ദേശീയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ്, ഇലക്ടറല്‍ കോളജ് രൂപീകരിക്കാനായി പാര്‍ട്ടിയുടെ 37 സംഘടനാ സംസ്ഥാന യൂണിറ്റുകളില്‍ കുറഞ്ഞത് 50 ശതമാനത്തിലെങ്കിലും അഴിച്ചുപണി നടത്തേണ്ടതുണ്ട്. ഇതിനുശേഷം ആർ.എസ്.എസിന്‍റെ കൂടി അഭിപ്രായം കണക്കിലെടുത്താകും സ്ഥാനാർഥികളെ തീരുമാനിക്കുക.

Tags:    
News Summary - Fadnavis, Rupala lead race for BJP national president’s post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.