കർണാടകയിലെ മുസ്‍ലിം പള്ളികളിൽ ഉച്ചഭാഷിണി നിരോധിക്കണമെന്ന് തീവ്രഹിന്ദുത്വ സംഘടനകൾ

ബംഗളൂരു: മഹാരാഷ്ട്രക്ക് പിന്നാലെ കര്‍ണാടകയിലും മുസ്‍ലിം പള്ളികളില്‍ ഉച്ചഭാഷിണി നിരോധിക്കണമെന്നാവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്ത്. ശിരോവസ്ത്ര, ഹലാൽ വിവാദങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് പള്ളികളിൽ ഉച്ചഭാഷണി വിലക്കണമെന്നാവശ്യപ്പെട്ട് ശ്രീരാമസേന, ബജ്രംഗ് ദൾ എന്നീ സംഘടനകൾ ആവശ്യമുന്നയിച്ചിരിക്കുന്നത്.

പുലർച്ചെയുള്ള ബാങ്കുവിളി സമയത്ത് ഉച്ചത്തിൽ ഹനുമാൻ ഭജന വെക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. റമദാൻ കാലം ആരംഭിച്ചതിനാലും കർണാടകയിൽ എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങിയതിനാലും പള്ളികളിലെ ഉച്ചഭാഷിണിയുടെ കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കണമെന്നാണ് ആവശ്യം.

ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ശബ്ദമലിനീകരണം ഉണ്ടാക്കുകയാണെന്നും ശ്രീരാമസേനാ സംസ്ഥാന പ്രസിഡന്‍റ സിദ്ധലിംഗ സ്വാമി പറഞ്ഞു. രാത്രി പത്തിനും പുലർച്ചെ ആറിനും ഇടയിൽ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന സുപ്രീംകോടതി വിധിയുണ്ടെന്നും ഇക്കാര്യം കർശനമായി സർക്കാർ നടപ്പാക്കണമെന്നും പള്ളി അധികൃതർക്ക് സർക്കാർ നിർദേശം നൽകണമെന്നും ശ്രീരാംസേന കൺവീനർ പ്രമോദ് മുത്തലിക് പറഞ്ഞു.

പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ എല്ലാ ദിവസവും ഹനുമാൻ ഭജന ഉച്ചത്തിൽ വെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Extremist Hindu groups call for ban on loudspeakers in mosques in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.