‘വോട്ടിനായി ഒരു പ്രധാനമന്ത്രി ഇത്രയും തരംതാഴുന്നത് കണ്ടിട്ടില്ല’; മോദിയെ രൂക്ഷമായി വിമർശിച്ച് യശ്വന്ത് സിൻഹ

ന്യൂഡൽഹി: മുസ്ലിം വിദ്വേഷ പരാമർശങ്ങളിലൂടെ വോട്ടുപിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹ. വോട്ടിനായി ഒരു പ്രധാനമന്ത്രി ഇത്രയും തരംതാഴുന്നത് താൻ കണ്ടിട്ടില്ലെന്ന് സിൻഹ പറഞ്ഞു. സമൂഹമാധ്യമ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.

‘നെഹ്‌റുവിന്‍റെ കാലം മുതൽ ഇന്ത്യൻ പ്രധാനമന്ത്രിമാരെ നിരീക്ഷിക്കുന്നുണ്ട്, രണ്ടുപേരുമായി അടുത്ത് പ്രവർത്തിച്ചതാണ്. വോട്ട് കിട്ടാൻ ഇപ്പോഴുള്ള പ്രധാനമന്ത്രിയെപോലെ ഒരു പ്രധാനമന്ത്രി തരംതാഴുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ല’ -സിൻഹ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. പൊതുരംഗത്ത് സജീവമല്ലെങ്കിലും സിൻഹ കേന്ദ്ര സർക്കാറിന്‍റെയും നരേന്ദ്ര മോദിയുടെയും നിത്യ വിമർശകനാണ്.

‘ഈ മനുഷ്യൻ എത്ര കള്ളം പറയും’ എന്ന് ചോദിച്ച് പ്രധാനമന്ത്രിയെ പരോക്ഷമായി വിമർശിക്കുന്ന കുറിപ്പ് കഴിഞ്ഞദിവസം അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. പാർട്ടിയുടെ അവസ്ഥയും രാജ്യത്തെ ജനാധിപത്യം വലിയ അപകടത്തിലാണെന്നും ചൂണ്ടിക്കാട്ടി 2018ലാണ് സിൻഹ ബി.ജെ.പി വിടുന്നത്. അടൽ ബിഹാരി വാജ്പേയി, ചന്ദ്ര ശേഖർ സർക്കാറുകളിൽ മന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. 2021ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ശ്രമഫലമായി 2022 രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ പൊതുസ്ഥാനാർഥിയായി സിൻഹ മത്സരിച്ചെങ്കിലും എൻ.ഡി.എയുടെ ദ്രൗപതി മുർമുവിനോട് പരാജയപ്പെട്ടു. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയോട് തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണം ചോദിച്ചിട്ടുണ്ട്. കോൺഗ്രസ്, സി.പി.എം ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ മോദിക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.

Tags:    
News Summary - Ex-Union Minister Yashwant Sinha Attacks Narendra Modi Amid Lok Sabha Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.