ബംഗാളിലൊരു ഘർവാപ്പസി കൂടി; ബി.ജെ.പിയിൽ താൻ ദുഃഖിതനെന്ന് മുൻ തൃണമൂൽ നേതാവ്

കൊൽക്കത്ത: ബി.ജെ.പിയിൽ ചേരാനുള്ള തീരുമാനത്തിൽ ഖേദം പ്രകടിപ്പിക്കുകയും മാതൃ സംഘടനയിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് ദൂതന്മാരെ അയക്കുകയും ചെയ്ത തൃണമൂൽ കോൺഗ്രസ് മുൻ എം.എൽ.എമാരായ ദിപേന്ദു ബിശ്വാസ്, സോണാലി ഗുഹ എന്നിവർക്ക് പിന്നാലെ സമാന ആഗ്രഹം പ്രകടിപ്പിച്ച് മുൻ എം‌.എൽ.‌എ പ്രബിർ ഘോഷാൽ. ബി.ജെ.പിയിൽ താൻ ദുഃഖിതനാണെന്നാണ് ഹൂഗ്ലിയിലെ ഉത്തപ്പുര നിയമസഭാംഗമായിരുന്ന ഘോഷാൽ ഇപ്പോൾ പറയുന്നത്.

'അടുത്തിടെ എന്‍റെ മാതാവ് മരിച്ചു. കല്യാൺ ബന്ദോപാധ്യായ എം‌.പിയും കാഞ്ചൻ മുള്ളിക് എം‌.എൽ.‌എയും എന്നെ വിളിച്ചു. മുഖ്യമന്ത്രി മമത ബാനർജി അനുശോചന സന്ദേശം അയച്ചു. എന്നാൽ, പ്രാദേശിക ബി.ജെ.പി നേതാക്കൾ മാത്രമാണ് അനുശോചനം രേഖപ്പെടുത്തിയത്. ഇത് തന്നെ സങ്കടപ്പെടുത്തി - ഘോഷാൽ വ്യക്തമാക്കി.

തൃണമൂൽ വിടുകയും പിന്നീട് ബി.ജെ.പി ദേശീയ ഉപാധ്യക്ഷനുമായ മുകുൾ റോയിയുടെ മകൻ സുബ്രാങ്‌ഷു റോയിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ മമത ബാനർജിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. സുബ്രാങ്‌ഷുവിന്‍റെ മാതാവ് കൃഷ്ണ റോയ് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്നു. കൂടാതെ, പിതാവ് മുകുൾ റോയിയും കോവിഡ് രോഗബാധിതനും. ഈ സന്ദർഭത്തിൽ ഇരുവരുടെയും രോഗവിവരം അറിയാൻ മമതയുെട ബന്ധുവും തൃണമൂൽ എം‌.പിയുമായ അഭിഷേക് ബാനർജി ആശുപത്രി സന്ദർശിച്ചിരുന്നു.

ആവശ്യമുള്ള സമയത്ത് കുടുംബത്തെ സമീപിച്ചതിനും ആശ്വാസവാക്കുകൾ അറിയിക്കുകയും ചെയ്തതിനാണ് മമതക്ക് സുബ്രാങ്‌ഷു റോയി നന്ദി അറിയിച്ചത്. ഭിന്നിക്കുന്ന രാഷ്ട്രീയം പശ്ചിമ ബംഗാൾ അംഗീകരിക്കുന്നില്ലെന്നും രാഷ്ട്രീയത്തിൽ എന്തും സാധ്യമാണെന്ന് താൻ മനസിലാക്കിയെന്നും സുബ്രാങ്‌ഷു പോസ്റ്റിൽ വ്യക്തമാക്കിയത്.

ബംഗാളിൽ ഇത്തവണ മമത ബാനർജി വീഴുമെന്നും ബി.ജെ.പി അധികാരമേറുമെന്നും ഉറപ്പിച്ചാണ്​ മുൻ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നവർ വരെ തൃണമൂൽ വിട്ട്​ ബി.ജെ.പിക്കൊപ്പം ചേർന്നത്​. എന്നാൽ, 292 അംഗ സഭയിൽ 213 സീറ്റും നേടി വൻ ഭൂരിപക്ഷത്തോടെ മമത അധികാരം വീണ്ടും ഉറപ്പിച്ചതോടെ തൃണമൂലിലേക്ക് ഘർവാപ്പസി ആരംഭിച്ചത്.

നിലവിലെ ബി.ജെ.പി സിറ്റിങ്​ എം.പിമാരും എം.എൽ.എമാരും വരെ മമതക്കൊപ്പം ചേരുമെന്നാണ്​ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്​. മുൻ എം.എൽ.എ സോണാലി ഗുഹ, മുൻ ഫുട്​ബാളർ ദീപേന്ദു വിശ്വാസ്​, സരള മുർമു, അമൽ ആചാര്യ തുടങ്ങിവർ തൃണമൂലിൽ ചേരാൻ അനുവാദം തേടി കത്തയച്ചവരിൽ ഉൾപ്പെടും.

Tags:    
News Summary - Ex-TMC Leader Prabir Ghosal Says He’s ‘Feeling Sad, Let Down’ by BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.