ന്യൂഡൽഹി: മധ്യപ്രദേശ് ഹൈക്കോടതി മുൻ ജഡ്ജി രോഹിത് ആര്യയെ ബി.ജെ.പി സംസ്ഥാനത്തെ ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പാർട്ടി കോ ഓർഡിനേറ്ററായി നിയമിച്ചു. കഴിഞ്ഞ വർഷം ജൂലൈയിലാണ് രോഹിത് ആര്യ ബി.ജെ.പിയിൽ ചേർന്നത്. ഹൈകോടതിയിൽ നിന്ന് വിരമിച്ച് മൂന്നുമാസത്തിന് ശേഷമായിരുന്നു പാർട്ടി പ്രവേശനം. ബി.ജെ.പി മധ്യപ്രദേശ് അധ്യക്ഷൻ വിഷ്ണു ദത്ത് ശർമയാണ് പുഷ്യമിത്ര ഭാർഗവക്കൊപ്പം ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചതെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ജഡ്ജിയായിരിക്കുമ്പോൾ രോഹിത്യ ആര്യ നടത്തിയ പല വിധിപ്രസ്താവങ്ങളും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ചിലത് വിമർശിക്കപ്പെടുകയും ചെയ്തു. 2021ലെ അത്തരമൊരു വിധി ഏറെ വിവാദമായിരുന്നു. 2021ൽ ഇന്ദോറിൽ പാർട്ടി നടത്തിയതിന് കോവിഡ് നിയമങ്ങൾ ലംഘിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും ഹാസ്യതാരങ്ങളായ മുനവ്വർ ഫാറൂഖി, നളിൻ യാദവ് എന്നിവർക്കെതിരെ പൊലീസ് കേസെടുക്കുകയുണ്ടായി. ഇവരുടെ ജാമ്യഹരജി ജഡ്ജിയായിരുന്ന റോഹിത് ആര്യ തള്ളി. ഇന്ത്യയിലെ ഒരു വിഭാഗം പൗരന്മാരുടെ മതവികാരങ്ങളെ ബോധപൂർവമായ ഉദ്ദേശ്യത്തോടെ പ്രകോപിപ്പിക്കുന്നതിന് ഇവർ ശ്രമിച്ചുവെന്നാണ് ജസ്റ്റിസ് ആര്യ ഉത്തരവിൽ പറഞ്ഞത്.
രക്ഷാബന്ധൻ ദിനത്തിൽ പരാതിക്കാരിയുടെ മുമ്പാകെ ഹാജരാകാനും രാഖി കെട്ടാനുമുള്ള വ്യവസ്ഥയിൽ സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിച്ചെന്നാരോപിച്ച് ഒരാൾക്ക് ജാമ്യം അനുവദിച്ച നടപടിയും കനത്ത വിമർശനത്തിന് ഇടയാക്കി.
പിന്നീട്, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് കീഴ്ക്കോടതികൾക്ക് നിർദേശം നൽകിയ വിധി സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.