തിരുവനന്തപുരം: മന്ത്രിമാരെ തീരുമാനിക്കുന്നതിൽ എല്ലാം പരിഗണിക്കേണ്ടി വരുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. മന്ത്രിമാരെ തീരുമാനിക്കുന്നതിൽ പ്രാദേശിക പ്രാതിനിധ്യം വേണമെന്ന ആവശ്യത്തെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക പരിഗണന, മെറിറ്റ്, ചില വകുപ്പുകൾക്ക് വേണ്ടി ആരെങ്കിലും ആവശ്യപ്പെട്ടാൽ അതും പരിഗണിക്കേണ്ടിവരും. ലീഗിൽ മന്ത്രിമാർക്ക് പ്രാദേശിക പരിഗണന നൽകുന്നതിന് പി.കെ ബഷീറിനെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എല്ലാ ജില്ലകൾക്കും പ്രാതിനിധ്യം നൽകുന്നതിന് കാസർക്കോട് മഞ്ചേശ്വരം എം.എൽ.എ എ.എ.എം അഷ്റഫിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. അതേസമയം ലീഗിന് ലഭിക്കുന്ന വകുപ്പുകൾ സംബന്ധിച്ചോ മന്ത്രിമാരുടെ എണ്ണം സംബന്ധിച്ചോ പ്രതികരിക്കാൻ തങ്ങൾ തയ്യാറായില്ല.
അതേസമയം വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന കെ.സി വേണുഗോപാൽ തള്ളി. യു.ഡി.എഫ് അധികാരത്തിൽ വരുന്നതിനു മുമ്പ് തന്നെ മുസ്ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണെന്ന് വെള്ളാപ്പള്ളി നടേശൻ പരാമർശം നടത്തിയിരുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രത്തിലാണ് വെള്ളാപ്പള്ളി വിദ്വേഷ പരാമർശം നടത്തിയത്. മലബാർ കലാപവും മാറാടും മറക്കില്ലെന്ന തലക്കെട്ടിലെഴുതിയ എഡിറ്റോറിയലിൽ ഭരണത്തിന്റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണമൊരുക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നാണ് ആരോപിച്ചിരിക്കുന്നത്.
അതേസമയം, മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ച പുരോഗമിക്കുന്നതിനിടെ ജി. സുധാകരൻ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗ് നേതാക്കൾക്കൊപ്പമാണ് സന്ദർശനം നടത്തിയത്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
മികച്ച ടീം മന്ത്രിമാരാകുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ആലപ്പുഴയ്ക്ക് പ്രാതിനിധ്യം വരുന്ന മന്ത്രിസഭ ആയിരിക്കുമെന്നും ആലപ്പുഴയുടെ പ്രതാപം തിരിച്ചുപിടിക്കാൻ പ്രവർത്തിക്കുമെന്ന് കെ.സി പറഞ്ഞു. ഉച്ചയോടെ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറുമെന്നാണ് സണ്ണി ജോസഫ് അറിയിച്ചിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.