ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവും മറികടന്ന് സഞ്ജയ് കുമാർ മിശ്രക്ക് (എസ്.കെ. മിശ്ര) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മേധാവി സ്ഥാനം നീട്ടിക്കൊടുത്തത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. അദ്ദേഹത്തിന്റെ കാലാവധി ജൂലൈ 31 ആക്കി ചുരുക്കുകയും ചെയ്തു.
2021 നവംബർ 17നും 2022 നവംബർ 17നും രണ്ടു തവണ ഒാരോ വർഷത്തേക്ക് സർവീസ് നീട്ടി നൽകിയ ഉത്തരവുകളാണ് നിയമവിരുദ്ധമെന്ന് കോടതി വിധിച്ചത്. കോടതി ഇടപെടലുണ്ടായിരുന്നില്ലെങ്കിൽ 2023 നവംബർ 18 വരെ മിശ്രക്ക് പദവിയിൽ തുടരാമായിരുന്നു.
അന്താരാഷ്ട്രതലത്തിലുള്ള ഭീകരപ്രവർത്തനങ്ങളുടെ ധനസമാഹരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ‘എഫ്.എ.ടി.എഫി’ന്റെ അവലോകന നടപടികൾക്ക് മികച്ച രീതിയിൽ മേൽനോട്ടംവഹിക്കാനാവുക മിശ്രക്കാണെന്ന കേന്ദ്രത്തിന്റെ അഭിപ്രായം പരിഗണിച്ചാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, വിക്രംനാഥ്, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ച് ഈ മാസം 31വരെ സമയം അനുവദിച്ചത്. ഈ വാദം ഇക്കഴിഞ്ഞ മേയിൽ സോളിസിറ്റർ ജനറൽ തുഷാർമേത്ത മുന്നോട്ടുവെച്ചപ്പോൾ ഇ.ഡിയിൽ ഈ ഉത്തരവാദിത്തം നിർവഹിക്കാൻപറ്റുന്ന വേറെ ഒരാളുമില്ലേ എന്ന് ജസ്റ്റിസ് ഗവായ് ചോദിച്ചിരുന്നു. ഈ വാദം അംഗീകരിച്ചാൽതന്നെ, 2023ൽ മിശ്ര വിരമിക്കുന്നതോടെ കാര്യങ്ങൾ എന്താകുമെന്നും ജസ്റ്റിസ് ഗവായ് ചോദിക്കുകയുണ്ടായി. 2018 നവംബർ 19നാണ് മിശ്രയെ ആദ്യമായി ഇ.ഡി ഡയറക്ടറായി നിയമിച്ചത്.
രണ്ടുവർഷത്തേക്കായിരുന്നു നിയമനം. ഇത് 2020 നവംബറിൽ മൂന്നു വർഷത്തേക്കാക്കി. ഇത് 2021 സെപ്റ്റംബറിൽ ജസ്റ്റിസ് എൽ. നാഗേശ്വര റാവുവിന്റെ സുപ്രീംകോടതി ബെഞ്ച് അംഗീകരിച്ചു. അപൂർവങ്ങളിൽ അപൂർവമായ സാഹചര്യങ്ങളിൽ മാത്രമേ ഇത്തരം നീട്ടൽ അനുവദിക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയ കോടതി മിശ്രക്ക് ഇനിയൊരു സർവിസ് നീട്ടൽ അനുവദിക്കില്ല എന്ന് പറയുകയും ചെയ്തു. എന്നാൽ, 2021 നവംബർ 17 മുതൽ ഒരുവർഷത്തേക്ക് വീണ്ടും കേന്ദ്രം മിശ്രയുടെ കാലം നീട്ടി. ഇതിനെതിരെ കോൺഗ്രസ് നേതാവ് ജയ ഠാകുർ കോടതിയെ സമീപിച്ചപ്പോൾ 2023 നവംബർ 18വരെയാക്കി മിശ്രയുടെ കാലാവധി വീണ്ടും കേന്ദ്രം നീട്ടിക്കൊടുത്തു.
അതിനിടെ ഇ.ഡി, സി.ബി.ഐ മേധാവികളുടെ സർവിസ് കാലം അനുവദനീയമായ രണ്ടുവർഷത്തിനു പുറമെ മൂന്നു വർഷംകൂടി നീട്ടാവുന്നവിധത്തിൽ കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം ഓർഡിനൻസ് കൊണ്ടുവന്നു. 1984 ബാച്ച് ഐ.ആർ.എസുകാരനാണ് മിശ്ര. കേന്ദ്ര വിജിലൻസ് കമീഷൻ നിയമവും ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ ഹരജികളുണ്ടായിരുന്നു. ജയ ഠാകുറിന് പുറമെ, കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജെവാല, തൃണമൂൽ നേതാവ് മഹുവ മോയ്ത്ര തുടങ്ങിയവരായിരുന്നു ഹരജിക്കാർ.
ഇ.ഡി ഡയറക്ടറുടെ കാലം പരമാവധി അഞ്ചുവർഷമാക്കാൻ കേന്ദ്ര വിജിലൻസ് കമീഷൻ നിയമം, ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം എന്നിവയുമായി ബന്ധപ്പെട്ട ഭേദഗതികൾ സുപ്രീംകോടതി ശരിവെച്ചു. ഇത് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള വ്യവസ്ഥകൾ വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇ.ഡി മേധാവിയുടെ സർവിസ് നീട്ടുന്നതിനെതിരായ ഹരജികൾ മേയ് എട്ടിനാണ് കോടതി വിധിപറയാൻ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.