മുംബൈ: മലേഗാവ് മുനിസിപ്പൽ കോർപറേഷൻ ഇലക്ട്രിസിറ്റി ഡിപാർട്മെന്‍റിൽ നമസ്കാരം നിർവഹിച്ചതിനെതിരെ വിദ്വേഷ പരാമർശവുമായി മഹാരാഷ്ട്ര മന്ത്രി നീതീഷ് റാണെ. ഇതൊരു ഹിന്ദു രാഷ്ട്രമാണെന്നും ഇവിടെ ആർക്കും ഇങ്ങനെ ചെയ്യാൻ അനുവാദമില്ലെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം.
'മലേഗാവിന്‍റെ വികസനത്തിന് വേണ്ടിയാണോ ജിഹാദ് ചെയ്യാനാണോ ഇവരെ തെരഞ്ഞെടുത്തത്. ഇവിടെ ഇത്രയുമധികം പള്ളികൾ ഉണ്ടാകുമ്പോൾ എന്തിനാണ് അവിടെ തന്നെ നമസ്കരിച്ചത്? ഇതിനെതിരെ തീർച്ചയായും നടപടിയെടുക്കും.'- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മദ്റസകൾ ഭീകരരെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങളാണെന്നും ഏതെങ്കിലും മുസ്‍ലിം രാഷ്ട്രത്തിൽ ഭഗവദ്ഗീത പഠിപ്പിക്കാൻ കേന്ദ്രങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കുട്ടികളെ തല്ലുന്ന മദ്റസകൾ അടച്ചുപൂട്ടുകയല്ലാതെ മറ്റ് മാർഗമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തേയും കടുത്ത വർഗീയ പരാമർശങ്ങൾ നടത്തി വിവാദം സൃഷ്ടിച്ചയാളാണ് നിതീഷ് റാണെ.
സർക്കാർ ഓഫിസിൽ നമസ്കാരം നിർവഹിക്കുന്നതിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് മന്ത്രിയുടെ പരാമർശം. മലേഗാവ് നഗരത്തിലെ ദീർഘകാല വൈദ്യുതി പ്രശ്‌നവുമായി ബന്ധപ്പെട്ട് വാർഡിലെ താമസക്കാർ മുനിസിപ്പൽ കോർപറേഷന്റെ വൈദ്യുതി വകുപ്പ് ഓഫീസിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ആവർത്തിച്ച് പരാതികളും രേഖാമൂലമുള്ള നിവേദനങ്ങളും നൽകിയിട്ടും വൈദ്യുതി പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. എന്നാൽ, റമദാൻ മാസവും അസർ നമസ്‌കാര സമയവും ഒത്തുവന്നതോടെ പ്രതിഷേധക്കാർ വൈദ്യുതി വകുപ്പ് ഓഫീസിനുള്ളിൽ നമസ്‌കാരം നിർവഹിച്ചു. സർക്കാർ ഓഫീസിൽ പ്രാർഥന നടത്തുന്ന വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.