വിമാന ഇടപാടിലെ അഴിമതി: 20.5 കോടി ഡോളര്‍ നല്‍കി ഒത്തുതീര്‍ക്കാമെന്ന് എംബ്രേയര്‍

വാഷിങ്ടണ്‍: ഇന്ത്യയടക്കമുള്ള നാലു രാജ്യങ്ങളുമായി നടന്ന വിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസ് ഒത്തുതീര്‍ക്കാന്‍ 205 ദശലക്ഷം ഡോളര്‍ നല്‍കാമെന്ന് ബ്രസീലിയന്‍ വിമാന നിര്‍മാണ കമ്പനി എംബ്രേയര്‍ സമ്മതിച്ചു. ഇന്ത്യ, ഡൊമിനിക്കന്‍ റിപ്പബ്ളിക്, സൗദി അറേബ്യ, മൊസാംബിക് എന്നീ രാജ്യങ്ങളുമായി നടന്ന വിമാന ഇടപാടിലാണ് വന്‍ തുകയുടെ കൈക്കൂലി ആരോപണമുയര്‍ന്നത്.
യു.എസിലും ബ്രസീലിലുമാണ് ഇതുസംബന്ധിച്ച അന്വേഷണം നടക്കുന്നത്. കൈക്കൂലിക്കെതിരായ യു.എസ് നിയമം ലംഘിച്ചെന്ന് സമ്മതിച്ച എംബ്രേയര്‍ കമ്പനി, ഒത്തുതീര്‍പ്പിന്‍െറ ഭാഗമായി യു.എസ് ജസ്റ്റിസ് വകുപ്പിന് 107 ദശലക്ഷം ഡോളര്‍ നല്‍കും. കൂടാതെ, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമീഷന് 98 ദശലക്ഷം ഡോളറും നല്‍കും. യു.എസ് ജസ്റ്റിസ് വകുപ്പിന്‍െറ സഹായത്തോടെ ബ്രസീല്‍ അധികൃതര്‍ 11 ഏജന്‍റുമാര്‍ക്കെതിരെയാണ് കേസെടുത്തത്. സൗദി അറേബ്യ രണ്ടുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വിമാന ഇടപാടുമായി ബന്ധപ്പെട്ട് ഡൊമിനിക്കന്‍ റിപ്പബ്ളിക്, സൗദി അറേബ്യ, മൊസാംബിക് രാജ്യങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്പനി കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. കൈക്കൂലിയായി നല്‍കിയ വന്‍ തുകയുടെ കണക്ക് മറച്ചുവെക്കാന്‍ കമ്പനി വ്യാജ രേഖകളുണ്ടാക്കിയതായും ആരോപണമുണ്ട്.
2008ല്‍ യു.പി.എ ഭരണകാലത്താണ് വ്യോമസേനക്കുവേണ്ടി പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡി.ആര്‍.ഡി.ഒ) എംബ്രേയറില്‍നിന്ന് അത്യാധുനിക റഡാര്‍ സംവിധാനമുള്ള മൂന്നു വിമാനങ്ങള്‍ വാങ്ങിയത്. 2500 കോടി രൂപയുടെ ഇടപാടില്‍ 37 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ഇടപാട് നേടിയെടുക്കാന്‍ എംബ്രേയര്‍ ഇന്ത്യക്കാരനായ ആയുധവ്യാപാരി വിപിന്‍ ഖന്നക്ക് കോടികള്‍ കൈമാറിയെന്നാണ് ആരോപണം. ഇക്കാര്യം സി.ബി.ഐ അന്വേഷിച്ചുവരുകയാണ്. വിപിന്‍ ഖന്നക്കും എംബ്രേയര്‍ അടക്കം രണ്ടു വിദേശ വിമാനക്കമ്പനികള്‍ക്കുമെതിരെ സി.ബി.ഐ കേസെടുത്തിട്ടുണ്ട്. വിപിന്‍ ഖന്ന രാജ്യം വിടാതിരിക്കാന്‍ തിരച്ചില്‍ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
വിമാന ഇടപാടുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയില്‍ ഖേദം പ്രകടിപ്പിച്ച കമ്പനി ഇതില്‍നിന്ന് പാഠം പഠിച്ച് മുന്നോട്ടുപോകുമെന്ന് അറിയിച്ചു.

 

Tags:    
News Summary - Embraer to pay $205 mn to settle graft charges in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.