2012ല്‍ ബജറ്റ് നീട്ടിയതിന്‍െറ നടപടിക്രമം തേടി തെരഞ്ഞെടുപ്പ് കമീഷന്‍

ന്യൂഡല്‍ഹി: 2012ല്‍ പൊതു ബജറ്റ് അവതരണം നീട്ടിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ കാബിനറ്റ് സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെയോടെ മറുപടി നല്‍കാനാണ് നിര്‍ദേശം. കേന്ദ്ര ബജറ്റ് തയാറാക്കുന്നതിന്‍െറയും അവതരിപ്പിക്കുന്നതിന്‍െറയും നടപടിക്രമങ്ങളും കമീഷന്‍ തേടിയിട്ടുണ്ട്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബജറ്റ് അവതരിപ്പിക്കുന്നത് ചോദ്യം ചെയ്ത് പ്രതിപക്ഷം നല്‍കിയ പരാതിയിലാണ് കമീഷന്‍ നടപടി.

2012ല്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ബജറ്റ് നീട്ടിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച യു.പി.എ സര്‍ക്കാര്‍ കേന്ദ്ര ബജറ്റ് ഫെബ്രുവരി 28ല്‍നിന്ന് മാര്‍ച്ച് 16ലേക്ക് മാറ്റുകയും ചെയ്തു. ഇതുപോലെ ഇത്തവണയും ബജറ്റ് നീട്ടിവെക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം.

എന്നാല്‍, ഇത്തവണ ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. ജനുവരി 31നാണ് ബജറ്റ് സമ്മേളനം തുടങ്ങുന്നത്. ബജറ്റ് നേരത്തേയാക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പുറമെ രാഷ്ട്രപതിക്കും പ്രതിപക്ഷം പരാതി നല്‍കിയിട്ടുണ്ട്.

Tags:    
News Summary - election commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.