ഡെൽഹി: ജനനായകൻ സിനിയുടെ റിലീസിന് അനുമതി കിട്ടിയില്ലെങ്കിലും തമിഴ് സൂപ്പർ താരം വിജയ് ആശിച്ച ചിഹ്നം തന്നെ തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചു.
വിജയുടെ ടി.വി.കെ പാർട്ടി വരുന്ന തെരഞ്ഞെടുപ്പിൽ വിസിൽ ചിഹ്നത്തിൽ മത്സരിക്കും. കമൽ ഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം മത്സരിക്കുക ബാറ്ററി ടോർച്ച് ചിഹ്നത്തിലും.
വിജയുടെ പുതിയ പാർട്ടിയായ തമിഴക മക്കൾ കഴകത്തിന് ഏകീകൃത ചിഹ്നം അനുവദിച്ചതോടെ തമിഴനാട്ടിൽ ഈ വർഷം നടക്കുന്ന നിയസഭ തെരഞ്ഞെടുപ്പ് ഒരു ബ്ലോക്ക് ബസ്റ്ററായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഇതുവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത പാർട്ടിക്ക് ഏകീകൃത ചിഹ്നം അനുവദിച്ചതോടെ പ്രമുഖ പാർട്ടിയാണെന്ന പ്രഖ്യാപനംകൂടിയായി ടി.വി.കെക്ക്.
സിനിമയിലെ പോലെ തന്നെ ആരോധകരോട് ചേർന്നു നിൽക്കുന്ന സിംബലുകൾ ഉപയോഗിക്കുകയെന്നത് വിജയുടെ വിജയ ശീലങ്ങളിൽ ഒന്നാണ്. വിസിൽ പോട് എന്നത് തമിഴ്ജനതയുടെ നിത്യ പ്രയോഗ വാക്കുകളിൽ ഒന്നാണ്. വിജയുടെ 2024ലെ ഹിറ്റ് സിനിമയായ ഗോട്ടിലെ ‘വിസിൽ പോട്’ എന്ന ഹിറ്റ് പാട്ടുപോലും പാർട്ടിയുടെ താൽപര്യങ്ങളെ മുൻ നിർത്തിയായിരുന്നു.
ബിഗിൽ എന്ന സിനിമയിൽ സിനിമ നിർമിച്ചതും ഇതേ ലക്ഷ്യത്തോടെയാണ്. ബിഗിൽ എന്നതിന്റെ അർഥവും വിസിൽ എന്നാണ്. വിസിൽ ടി.വി.കെ. എന്ന പാർട്ടിയുടെ ആശയങ്ങളോട് ഏറ്റവും ചേർന്നു നിൽക്കുന്നുവെന്നതും ടി.വി.കെ ഈ ചിഹ്നം ലഭിച്ചതിലൂടെ ആഘോഷിക്കുന്നു. വിജിലന്റായിരിക്കുക, അനീതിക്കെതിരെ ശബ്ദ മുയർത്തുക എന്ന വിജയുടെ പ്രസംഗത്തിലെ പ്രധാന പരാമർശങ്ങളൊക്ക വിസിലുമായി ബന്ധപ്പെട്ടതാണ്. ടി.വി.ക്കെക്ക് വിസിൽ അനുവദിച്ചതോടെ വിജയ് ആരാധകരുടെയും ടി.വി.കെ അണികളുടെയുമൊക്കെ സ്റ്റാറ്റസുകളിൽ നിറഞ്ഞതും വിസിൽ ചിത്രങ്ങളും ശബ്ദവുമാണ്.
അതേ സമയം തമിഴ്നാട്ടിലെ മറ്റൊരു സൂപ്പർ താരമായ കമൽ ഹാസൻ ഇക്കുറിയും ബാറ്റി ടോർച്ച് ചിഹ്നത്തിലാണ് മത്സരിക്കുക. 2021ലും കമലിന്റെ മക്കൾ നീതി മയ്യം പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമീഷൻ ബാറ്ററി ടോർച്ച് ചിഹ്നമാണ് അനുവദിച്ചത്. ഇതേ ചിഹ്നം തന്നെയാണ് കമൽ ഇക്കുറിയും ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.