ഡൽഹി: കൽക്കാജി മെട്രോ സ്റ്റേഷനിലെ ലിഫ്റ്റിനുള്ളിൽ രണ്ട് സ്ത്രീകളുടെ മുന്നിൽ വെച്ച് വയോധികൻ മൂത്രമൊഴിച്ച സംഭവം വിവാദമായതിനെത്തുടർന്ന് ഡൽഹി പൊലീസും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും പ്രതികരണവുമായി രംഗത്തെത്തി. ഈ സംഭവത്തിന് ഇരയായ ദീപ്ശിഖ മേത്ത എന്ന യാത്രക്കാരിയാണ് വിവരങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. പ്ലാറ്റ്‌ഫോമിൽ വെച്ച് ഇവർ വയോധികനെ ചോദ്യം ചെയ്തപ്പോൾ, "നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യ്" എന്നായിരുന്നു അയാളുടെ മറുപടി.
ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. പൊതുസ്ഥലങ്ങളിലെ മാന്യതയെക്കുറിച്ചും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുമുള്ള വലിയ ചർച്ചക്ക് ഇത് ഇടയാക്കി.'ഒരു മെട്രോ ലിഫ്റ്റിന്‍റെയുള്ളിൽ രണ്ട് പെൺകുട്ടികളുടെ മുന്നിൽ വെച്ച് ഒരാൾ യാതൊരു കൂസലുമില്ലാതെ മൂത്രമൊഴിക്കുന്നത് ആലോചിച്ചു നോക്കൂ. കൽക്കാജി മെട്രോ സ്റ്റേഷനിലാണ് ഇത് സംഭവിച്ചത്,'എന്ന അടിക്കുറിപ്പോടെയാണ് അവർ വിഡിയോ പങ്കുവെച്ചത്.
പിന്നീട് ഈ പോസ്റ്റിന്റെ കമന്റ് ബോക്സിൽ ഡൽഹി പൊലീസ് ഔദ്യോഗിക വിശദീകരണവുമായി എത്തി. ആ വൃദ്ധന് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നം കാരണമാണ് ഇത് സംഭവിച്ചതെന്നും പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് ഡി.എം.ആർ.സി അയാൾക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വിഡിയോ വൈറലായതിനെ തുടർന്ന് മെട്രോ ഡെപ്യൂട്ടി കമ്മീഷണർ (ഡി.സി.പി) സംഭവത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. പൊലീസ് റിപ്പോർട്ട് പ്രകാരം 2026 മെയ് 15-ന് രാത്രി 9:40-ഓടെയാണ് സംഭവം നടന്നത്.
"വിഡിയോയിലുള്ള പ്രായമായ വ്യക്തി ജാമിയ മെട്രോ സ്റ്റേഷനിൽ നിന്നും ഫരീദാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്നു,' ഡൽഹി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. 'കൽക്കാജി സ്റ്റേഷനിൽ ട്രെയിൻ മാറിക്കയറുന്നതിനിടെ ഇയാൾക്ക് പെട്ടെന്ന് കടുത്ത ശാരീരിക അസ്വസ്ഥതയുണ്ടായി. അടുത്തുള്ള ശൗചാലയം കണ്ടെത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ലിഫ്റ്റിനുള്ളിൽ വെച്ച് ഒരു കുപ്പിയിലേക്ക് മൂത്രമൊഴിക്കാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു'. പൊലീസ് പറഞ്ഞു. ലിഫ്റ്റിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ഇതിനെതിരെ പ്രതികരിക്കുകയും മെട്രോ ജീവനക്കാരെ വിവരമറിയിക്കുകയുമായിരുന്നു എന്ന് പൊലീസ് കൂട്ടിച്ചേർത്തു'. ഇതിനെ തുടർന്ന് ഇയാൾക്കെതിരെ പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് ഡി.എം.ആർ.സി ആക്ട് സെക്ഷൻ 59 പ്രകാരം പിഴ ചുമത്തിയിട്ടുണ്ട്,' പൊലീസ് വ്യക്തമാക്കി.
ഏകദേശം 20 ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോക്ക് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകളുടെ മുന്നിൽ വെച്ച് നടന്ന ഈ പ്രവൃത്തി അങ്ങേയറ്റം മോശമാണെന്നും പൊതുസുരക്ഷക്ക് ഭീഷണിയാണെന്നും പലരും കുറ്റപ്പെടുത്തി. എന്നാൽ ആളുകൾ തിരക്കുള്ള മെട്രോ സ്റ്റേഷനുകളിൽ ശൗചാലയങ്ങൾ കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു. മെട്രോ സ്റ്റേഷനുകളിൽ ശൗചാലയങ്ങൾ ഉണ്ടെങ്കിലും ട്രെയിൻ മാറിക്കയറുന്ന തിരക്കിൽ അവ എവിടെയാണെന്ന് കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും രാത്രികാലങ്ങളിൽ പലതും പൂട്ടിയിടാറുണ്ടെന്നും യാത്രക്കാർ പരാതിപ്പെടുന്നുണ്ട്.
പ്രതികരണവുമായി ദീപ്ശിഖ മേത്ത വീണ്ടും രംഗത്തെത്തി. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും കാണിക്കേണ്ട അടിസ്ഥാനപരമായ ചില മാന്യതകളുണ്ടെന്ന് അവർ പറഞ്ഞു. പ്രായമായവരിലും ഇത്തരം അസുഖമുള്ളവരിലും 'അഡൽറ്റ് ഡയപ്പറുകൾ' ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആളുകൾ ബോധവാന്മാരാകണമെന്നും അവർ ഓർമ്മിപ്പിച്ചു. പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ ആർക്കും ഒരു തരത്തിലുമുള്ള അസ്വസ്ഥതയോ സുരക്ഷിതത്വമില്ലായ്മയോ തോന്നരുതെന്നും, പൊതുസ്ഥലങ്ങളിലെ പെരുമാറ്റ രീതികളെയും സുരക്ഷയെയും കുറിച്ച് അവബോധം വളർത്താനാണ് താൻ ഈ വീഡിയോ പങ്കുവെച്ചതെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.