മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ സസ്പെൻസ് തുടരുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഡൽഹിയിൽ ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതാണ് പുതിയ സംഭവം.
ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസില്ലാതെ ആദ്യമായാണ് ഷിൻഡെ ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തെ കാണാൻ ഡൽഹിയിലെത്തിയത്. ഇത്തവണ കുടുംബസമേതമാണ് യാത്ര. ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ചയുണ്ട്. കഴിഞ്ഞ മൂന്നുദിവസത്തിനിടെ ഷിൻഡെയുടെ രണ്ടാമത്തെ ഡൽഹി സന്ദർശനമാണിത്. ഒരു മാസത്തിനിടെ അഞ്ചാമത്തേതും.
ശിവസേന വിമതരെ അയോഗ്യരാക്കണമെന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ഹരജിയിലെ സ്പീക്കറുടെ നടപടികൾ അന്തിമ ഘട്ടത്തിലാണ്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി വിമതർ ഭരണസഖ്യത്തിൽ മേൽക്കൈ നേടുന്ന സാഹചര്യവുമുണ്ട്.
ഈ സമയത്താണ് ഷിൻഡെയുടെ ആവർത്തിച്ചുള്ള ഡൽഹി സന്ദർശനം. പ്രധാന വകുപ്പുകൾ ഉപമുഖ്യമന്ത്രി അജിത് പവാർ പക്ഷത്തിന് നൽകിയതിൽ ഷിൻഡെ പക്ഷം അസ്വസ്ഥരാണ്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള എം.വി.എ സർക്കാറിനെ മറിച്ചിട്ട് അധികാരത്തിലേറിയിട്ട് ഒരു വർഷം പിന്നിട്ടിട്ടും മന്ത്രിസഭ പുനഃസംഘടന നടക്കാത്തത് ഷിൻഡെ പക്ഷത്ത് മുറുമുറുപ്പുണ്ടാക്കുന്നു. മന്ത്രിസഭ പുനഃസംഘടന നീട്ടിക്കൊണ്ടുപോകുന്നതിനിടയിലാണ് അജിത് പവാർ പക്ഷം ഭരണസഖ്യത്തിൽ പങ്കാളിയാകുന്നത്. ഷിൻഡെയുടെ മുഖ്യമന്ത്രിപദത്തിനുതന്നെ അജിത് പവാർ ഭീഷണിയാകുന്നതും അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.