കൈലാഷ് കുന്തേവാർ
മഹാരാഷ്ട്ര: വെള്ളപ്പൊക്കത്തിൽ വിളകൾ നഷ്ടപ്പെട്ട മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു കർഷകൻ അമിതാഭ് ബച്ചന്റെ ക്വിസ് ഷോയായ കോൻ ബനേഗ ക്രോർപതി (കെ.ബി.സി) യിൽ പുതിയൊരു തുടക്കം കുറിച്ചു. ഛത്രപതി സംഭാജിനഗർ ജില്ലയിലെ പൈത്തൺ പട്ടണത്തി നിന്നുള്ള കൈലാഷ് കുന്തേവാർ എന്ന ചെറുകിട കർഷകൻ 14 ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകി ജനപ്രിയ ടെലിവിഷൻ ഷോയിൽനിന്ന് 50 ലക്ഷം രൂപ സമ്മാനമായിനേടി.
രണ്ടേക്കർ ഭൂമി മാത്രമുള്ള കുന്തേവാർ, മാതാപിതാക്കൾക്കും ഭാര്യക്കും കുട്ടികൾക്കുമൊപ്പമാണ് താമസിക്കുന്നത്. വർഷങ്ങളായി, കൃഷിയിൽനിന്ന് നേരിട്ട തിരിച്ചടികൾ ചെറുതായിരുന്നില്ല. വരൾച്ച, വെള്ളപ്പൊക്കം, വിളനാശം എന്നിവ നേരിട്ടിട്ടുണ്ട്, ഇക്കാരണങ്ങളാൽ മറ്റുള്ളവരുടെ വയലുകളിൽ തൊഴിലാളിയായി ജോലി ചെയ്യാൻ നിർബന്ധിതനായി. എന്നാൽ ഒരു സ്വപ്നം മാത്രമാണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്, കെ.ബി.സി സ്റ്റേജിലെത്താൻ.
2015 ൽ അദ്ദേഹം തന്റെ ആദ്യത്തെ മൊബൈൽ ഫോൺ വാങ്ങിയതോടെയാണ് അദ്ദേഹത്തിന്റെ പഠനയാത്ര ആരംഭിച്ചത്. കുട്ടിക്കാലം മുതൽ തന്നെ ഞാൻ പഠനത്തിൽ മിടുക്കനായിരുന്ന കൈലാഷ്, വായിച്ചതും കേട്ടതുമെല്ലാം ഓർമിക്കുന്ന ശീലമുള്ളയാളായിരുന്നെന്ന് പറഞ്ഞു. 2015 ൽ, ഞാൻ ഒരു മൊബൈൽ ഫോൺ വാങ്ങി, യൂട്യൂബിൽ കെ.ബി.സി എപ്പിസോഡുകൾ കാണാൻ തുടങ്ങി. ആദ്യം, ഇത് വിനോദത്തിന് മാത്രമാണെന്ന് കരുതി. ചോദ്യങ്ങൾക്ക് ഉത്തരം നൽകി ആർക്കും പണം സമ്പാദിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയില്ല.
2018-ൽ ഹിംഗോളി ജില്ലയിൽനിന്നുള്ള ഒരു മത്സരാർഥിയെ കൈലാഷ് ബച്ചനോടൊപ്പം കണ്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. അദ്ദേഹം പറഞ്ഞു, ഞാൻ അദ്ദേഹത്തെ ഫേസ്ബുക്കിൽ തിരഞ്ഞു, അദ്ദേഹത്തിന്റെ നമ്പർ കണ്ടെത്തി, അദ്ദേഹത്തോട് സംസാരിച്ചു. എല്ലാം സത്യമാണെന്നും അറിവുണ്ടെങ്കിൽ നിങ്ങൾക്ക് യഥാർഥത്തിൽ പണം ലഭിക്കുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.
അതിനുശേഷം, കൈലാഷ് പഠനത്തിനായി സ്വയം സമർപ്പിച്ചു. മണിക്കൂറുകൾ നീണ്ട കൃഷിപ്പണിക്കുശേഷം വീട്ടിലെത്തി യൂട്യൂബിലെ പൊതുവിജ്ഞാന പരിപാടികൾ കാണാൻ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ചെലവഴിക്കുകയും ചെയ്യുമായിരുന്നു. ഞാൻ ഇത് ഒരു ശീലമാക്കി, അദ്ദേഹം പറഞ്ഞു. കാലക്രമേണ, ആ പരിശീലനം എന്നെ ഇന്നത്തെ നിലയിൽ എത്തിച്ചു.
ഏഴ് വർഷത്തെ പരിശ്രമത്തിനുശേഷം, ഈ വർഷം അദ്ദേഹം കെ.ബി.സി ഹോട്ട് സീറ്റിൽ എത്തി 50 ലക്ഷം രൂപ നേടിയപ്പോൾ അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് ഒടുവിൽ ഫലം കണ്ടു.സമ്മാനത്തുക ഉപയോഗിച്ച് എന്തുചെയ്യാൻ പദ്ധതിയിടുന്നുവെന്ന് ചോദിച്ചപ്പോൾ, കുന്തേവാർ പറഞ്ഞു, എന്തെങ്കിലും തീരുമാനിക്കുന്നതിന് മുമ്പ് ഞങ്ങൾ ശാന്തമായി ചിന്തിക്കും. ഞങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസമായിരിക്കും എപ്പോഴും പ്രധാന മുൻഗണന. ഒരു ക്രിക്കറ്റ് ആരാധകനായ അദ്ദേഹം തന്റെ രണ്ട് ആൺമക്കളെയും ക്രിക്കറ്റ് കളിക്കാരാക്കി മാറ്റണമെന്ന് ആഗ്രഹിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.