പ്രധാനമന്ത്രിയുടെ മാർഗ നിർദേശങ്ങളോടെ വിദ്യാഭ്യാസ വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കും; പുതിയ വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ മാർഗ്ഗനിർദ്ദേശങ്ങളോടെ തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്തം കഴിവിന്റെ പരമാവധി ആത്മാർത്ഥതയോടെ നിറവേറ്റുമെന്ന് പുതിയ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ പ്രൾഹാദ് ജോഷി വ്യക്തമാക്കി. തന്നെ ചുമതലയേൽപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി അറിയിച്ചു. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ മോദി സർക്കാരിന്റെ കീഴിൽ രാജ്യത്ത് ചരിത്രപരമായ നിരവധി നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ടെന്ന് ജോഷി ഓർമ്മിപ്പിച്ചു. മുൻ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയവും മറ്റ് സുപ്രധാന പദ്ധതികളും രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഉത്തരവാദിത്തം വലിയൊരു കടമയായി കാണുന്നുവെന്നും വിനയത്തോടെ അത് സ്വീകരിക്കുന്നുവെന്നും പ്രൾഹാദ് ജോഷി പറഞ്ഞു.
സി.ജെ.പി നടത്തിയ പ്രതിഷേധങ്ങളെ തുടർന്നാണ് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പടിയിറങ്ങിയത്. ധർമ്മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതോടെ, മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി വിജ്ഞാപനമിറങ്ങി. കർണാടകയിൽ നിന്നുള്ള എം.പിയാണ് ജോഷി. നിലവിൽ അദ്ദേഹം ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണം, നവ-പുനരുപയോഗ ഊർജ്ജം തുടങ്ങിയ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. ഇതോടൊപ്പം വിദ്യാഭ്യാസ വകുപ്പ് കൂടെ അദ്ദേഹം കൈകാര്യം ചെയ്യേണ്ടി വരും. ഡൽഹി ജന്തർമന്തറിലെ പ്രതിഷേധം കടുത്തതോടെയാണ് സർക്കാരിന് സമരക്കാരുടെ ആവശ്യത്തിന് വഴങ്ങേണ്ടി വന്നത്. സമര നേതൃത്വവുമായി കേന്ദ്ര സർക്കാർ മൂന്ന് വട്ടം ചർച്ച നടത്തിയിരുന്നു. സി.ജെ.പി വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചുനിന്നതോടെ മറ്റ് വഴികളില്ലാതെ ധർമ്മേന്ദ്ര പ്രധാന് രാജി വെക്കേണ്ടി വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.