ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിലെ വസ്തുതകളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും ഡയറക്ടർക്കും നൽകാമെങ്കിലും പ്രോസിക്യൂട്ടർ കോടതിയിൽ എങ്ങനെ പെരുമാറണമെന്ന് നിർദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി.
ഡൽഹി വഖഫ് ബോർഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ സീഷാൻ ഹൈദറിനും ദൗദ് നസീറിനും ജാമ്യം അനുവദിച്ച് ജസ്റ്റിസുമാരായ അഭയ് ഓക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. നീണ്ട ജയിൽവാസം പരിഗണിച്ചും സമീപഭാവിയിൽ വിചാരണ ആരംഭിക്കില്ലെന്ന് മനസ്സിലാക്കിയും ആണ് ജാമ്യം നൽകിയത്.
അന്വേഷണ ഏജൻസിയുടെ ഡയറക്ടർ വിചാരണയിൽ കാലതാമസം വരുത്തിയ കേസുകളിൽ ജാമ്യാപേക്ഷയെ എതിർക്കരുതെന്ന് പ്രോസിക്യൂട്ടർമാർക്ക് നിർദേശം നൽകിയെന്ന വാദത്തിനിടെയാണ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ മേലുള്ള ഇ.ഡിയുടെ അധികാരപരിധി ബെഞ്ച് വ്യക്തമാക്കിയത്. വിചാരണ വൈകുന്നത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ തെറ്റല്ലാത്ത സാഹചര്യത്തിൽ ജാമ്യാപേക്ഷയെ എതിർക്കുന്നതിൽനിന്ന് പബ്ലിക് പ്രോസിക്യൂട്ടർമാരെ തടയരുതെന്ന് ബെഞ്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.