പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ ഇ.ഡി അറസ്റ്റ് ചെയ്തു: നിയമസഭാതെരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കമെന്ന് എ.എ.പി

ഛണ്ഡീഗഢ്: പഞ്ചാബിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഊർജ മന്ത്രി സഞ്ജീവ് അറോറയെ ഇ.ഡി അറസ്റ്റ് ചെയ്തു. ചണ്ഡീഗഢിലെയും ഡൽഹി-എൻ.സി.ആർ മേഖലയിലെയും നാല് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിനു പിന്നാലെ ഔദ്യോഗിക വസതിയിൽ നിന്നും അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ വർഷം ഇത് മൂന്നാം തവണയാണ് അറോറയ്ക്കെതിരെ ഇ.ഡി റെയ്ഡ് നടത്തുന്നത്. സംഭവത്തിൽ ഇ.ഡി നടപടിയെ അപലപിച്ച് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. `സ്നേഹത്തോടെ ചോദിച്ചാൽ പഞ്ചാബികൾ എല്ലാം നൽകും, എന്നാൽ അവരെ തള്ളാൻ വന്നാൽ അവർ തിരിച്ചടിക്കും. മോദി ജി ഇനിയും റെയ്ഡുകൾ നടത്തിക്കോളൂ. തെരെഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കെട്ടിവെച്ച കാശ് പോലും കിട്ടില്ല. നിങ്ങൾ അറസ്റ്റ് ചെയ്യുന്നവർ നാല് ദിവസത്തിനുള്ളിൽ പുറത്തിറങ്ങും. എന്നാൽ അടുത്ത 20 വർഷത്തേക്ക് ബി.ജെ.പിക്ക് പഞ്ചാബിൽ കാലുകുത്താൻ കഴിയില്ല' എക്സിലെ പോസ്റ്റിൽ കെജ്രിവാൾ കുറിച്ചു.

അതേ സമയം തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഇ.ഡി, സി.ബി.ഐ, ആദായനികുതി വകുപ്പ് എന്നിവയെ രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ അറിയിച്ചു. കള്ളപ്പണമോ രേഖകളോ പിടിച്ചെടുക്കുകയല്ല മറിച്ച് നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെ.പിയിൽ എത്തിക്കുകയാണ് ഇത്തരം റെയ്ഡുകളുടെ ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു. എ.എ.പി രാജ്യസഭാ എം.പിയായിരുന്ന അശോക് മിത്തലിന്റെ വസതിയിലും സർവകലാശാലയിലും റെയ്ഡ് നടന്നെന്നും അദ്ദേഹം ബി.ജെ.പിയിൽ ചേർന്നതോടെ അന്വേഷണം നിലച്ചെന്നും ഭഗവന്ത് മന്‍ ചൂണ്ടിക്കാട്ടി. 2027 നാണ് പഞ്ചാബിൽ നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്നത്. അതിന് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കമാണിതെന്നാണ് എ.എ.പിയുടെ ആരോപണം.

Tags:    
News Summary - ED arrests Punjab Minister Sanjeev Arora: AAP terms it a political move ahead of Assembly elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.