ഗാന്ധിനഗർ: അഹ്മദാബാദിൽ പനി ബാധിച്ചതിനെ തുടർന്ന് കോംഗോയിൽ നിന്നെത്തിയ വ്യവസായിയെയും സമ്പർക്കത്തിലുണ്ടായിരുന്ന മൂന്ന് പേരെയും വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു. ഇവരുടെ സാമ്പിളുകൾ എബോള വൈറസ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി പ്രഫുൽ പൻശേരിയാ ബുധനാഴ്ച അറിയിച്ചു.
37 കാരനായ ഇയാൾ ഏഴ് ദിവസം മുമ്പാണ് കോംഗോയിൽ നിന്നും മുംബൈയിലെത്തിയത്. പിന്നീട് ഇയാൾ വഡോദരയിലേക്ക് പോകുകയായിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് ഇയാളെ വഡോദരയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിലവിൽ ഇയാൾക്ക് എബോള ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഡോദരയിൽ നിന്നും വ്യവസായിയെ ഉടൻ തന്നെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ എബോള വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ഇയാളുടെ നില തൃപ്തികരമാണ്. സമ്പർക്കമുണ്ടായിരുന്ന മറ്റ് ആളുകൾക്ക് നിലവിൽ ലക്ഷണങ്ങളൊന്നും കണ്ടെത്താനായിട്ടില്ല.
വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ഉഗാണ്ട, കോംഗോ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്ന് അഹ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെ സംസ്ഥാന ആരോഗ്യ വകുപ്പ് തീവ്രമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കൂടാതെ സർക്കാർ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളും സജ്ജമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.