പവൻ ഖേരയുടെ അറസ്റ്റ് ഞങ്ങൾ ഒഴിവാക്കി, അതുപോലെ ടീസ്ത സെറ്റൽവാദിന്റെയും; അതിവേഗ വിചാരണ സാധ്യമല്ലെങ്കിൽ ജാമ്യമായിരിക്കണം നിയമമെന്ന് മുൻ ചീഫ് ജസ്റ്റിസ്

മോദി സർക്കാറിന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കില്ലെന്ന് അറിയാവുന്ന മോദിയുടെ നിയമ സെക്രട്ടറിയായിരുന്ന ജസ്റ്റിസ് ബേല ത്രിവേദിയുടെ ബെഞ്ചിലേക്ക് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ അയച്ച മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറയുന്ന കാര്യങ്ങൾ ​വൈറലാണിപ്പോൾ. പ്രശാന്ത് ഭൂഷൺ ഇത് എക്സിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

''അഞ്ചുവർഷമായി ജയിലിനകത്താണവർ. എന്റെ കോടതിയെ വിമർശിക്കുകയല്ല ഞാൻ. ജാമ്യ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ നിങ്ങൾക്ക് വ്യവസ്ഥകൾ ഏർപ്പെടുത്താം. എന്നാൽ അവർക്ക് വേഗത്തിലുള്ള വിചാരണക്ക് അവകാശമുണ്ടെന്ന് നിങ്ങൾ തീർച്ചയായും പരിഗണിക്കണം. നിലവിലെ സാഹചര്യങ്ങളിൽ വേഗത്തിലുള്ള വിചാരണ സാധ്യമല്ലെങ്കിൽ ജാമ്യമായിരിക്കണം നിയമം. അല്ലാതെ ഒഴിവാക്കലല്ല.

സുപ്രീംകോടതി ജസ്റ്റിസായി സേവനമനുഷ്ഠിച്ച എന്റെ 24 മാസത്തെ കാലയളവിൽ ഏതാണ്ട് 21,000 ജാമ്യാപേക്ഷകൾ ഞങ്ങൾ തീർപ്പാക്കി.

ഒരു പ്രത്യേക കേസിൽ സുപ്രീം കോടതി ജാമ്യം നൽകാത്തതിന് വിമർശിക്കുമ്പോൾ ആളുകൾ ചിന്തിക്കാത്ത കേസുകളുണ്ട്. കോൺഗ്രസ് വക്താവ് പവൻ ഖേര അറസ്റ്റ് ചെയ്യപ്പെടാൻ പോകുകയായിരുന്നു. ഗുവാഹത്തിയിൽ ഒരു വിമാനത്തിൽ കയറാനിരിക്കെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പോകുകയായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. അർധസൈനിക വിഭാഗങ്ങൾ അദ്ദേഹത്തിന്റെ വിമാനം വളഞ്ഞിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഞങ്ങൾ ഒത്തുകൂടിയ ഉടൻ തന്നെ അദ്ദേഹത്തിന്റെ അഭിഭാഷകൻ വന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പോകുകയാണെന്ന് ഞങ്ങളുടെ മുമ്പാകെ പറഞ്ഞു. ഇത് മര്യാദകേടാണെന്നും അറസ്റ്റിനുള്ള കേസല്ലെന്നും അഭിഭാഷകൻ പറഞ്ഞു. അടിയന്തര ഇടപെടലിലൂടെ അന്ന് അറസ്റ്റിൽ നിന്ന് ഞങ്ങൾ അദ്ദേഹത്തെ സംരക്ഷിച്ചു.

മറ്റൊരു ഉദാഹരണം കൂടി പറയാം. ഗുജറാത്ത് ഹൈക്കോടതി ടീസ്റ്റ സെറ്റൽവാദിന് ജാമ്യം നിഷേധിച്ചു. കീഴടങ്ങാൻ ഒരു ദിവസം അർധരാത്രി 12 മണി വരെ അവർക്ക് സമയം നൽകുകയും ചെയ്തു. ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് എന്ന നിലയിൽ ഈ വിഷയം എന്റെ അടുത്തേക്ക് വന്നത്. ഇത് അവർക്ക് വാദം കേൾക്കാൻ അർഹതയുള്ള ഒരു കേസാണെന്നും അവർക്ക് ജാമ്യം ലഭിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് ആ കോടതിയാണെന്നും ഞാൻ പറഞ്ഞു. രാത്രി ഒമ്പതു മണിക്ക് ഞങ്ങൾ ഒരു ബെഞ്ച് രൂപീകരിച്ചു. അവർക്ക് ജാമ്യവും അനുവദിച്ചു. 




Tags:    
News Summary - DY Chandrachud Reacts on Umar Khalid’s bail plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.