ശ്രീനഗർ: വൃക്കകൾ തകരാറിലായ സഹപാഠിയായ മുസ്ലീം സുഹൃത്തിന് സ്വന്തം വൃക്ക നൽകുന്നതിനായി കോടതിയുടെ സഹായം തേടാനൊരുങ്ങുകയാണ് സിഖ് യുവതി. ജമ്മു കശ്മീർ സ്വദേശിനിയായ മൻജോത് സിങ് കോഹ്ലി(23) ആണ് വൃക്ക ദാനത്തിന് തയാറായത്. എന്നാൽ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ശസ്ത്രക്രിയ നടപടികൾക്ക് കാലതാമസം വരുത്തുന്ന ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മൻജോത് സിങ്.
മൻജോത് സിങിെൻറ സുഹൃത്ത് രജൗരി ജില്ലയിൽ നിന്നുള്ള സംറീൻ അക്തർ(22) വൃക്കകൾ തകരാറിലായി ഷെർ എ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്. ഡോക്ടർമാരുടെ പാനൽ ഇരുവരുമായി സംസാരിക്കുകയും പരിശോധനകൾ നടത്തുകയും ചെയ്ത് അംഗീകാരം നൽകിയെങ്കിലും ആശുപത്രിയിലെ ഡോക്ടർമാർ അനാവശ്യമായ പല പ്രതിബന്ധങ്ങളും ഉയർത്തിക്കൊണ്ട് വൃക്ക നൽകുന്നതിനുള്ള നടപടിക്രമങ്ങൾ വൈകിക്കുകയാണെന്ന് ഇരുവരും ആരോപിച്ചു.
അതേസമയം, തങ്ങളാൽ കഴിയുന്നതിെൻറ പരമാവധി െചയ്യുമെന്ന് ആശുപത്രിയിലെ ഡോ.ഉമർ ഷാ പറഞ്ഞു. ചില നിയമപരമായ കാര്യങ്ങൾ ഉണ്ടെന്ന് അംഗീകാര സമിതി അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ തങ്ങൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ദാതാവ് മറ്റൊരു മതത്തിൽ നിന്നുള്ളയാളാണെന്നതിനാലും കുടുംബം ഇക്കാര്യത്തെ അതിർക്കുന്നതിനാലും ആശുപത്രി അധികൃതർ ഭയത്തിലാണെന്ന് കരുതുന്നതായി മൻജോത് സിങ് കോഹ്ലി അഭിപ്രായപ്പെട്ടു.
മൻജോത് സിങിെൻറ കുടുംബം വൃക്കദാനത്തിന് സമ്മതമില്ലെന്ന് കാണിച്ച് ആശുപത്രി അധികൃതർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ താൻ മുതിർന്ന ആളാണെന്നും തീരുമാനമെടുക്കാനുള്ള അധികാരം ഉണ്ടെന്നും മൻജോത് അറിയിച്ചു. താൻ അഭിഭാഷകനായ സുഹൃത്തിനെ സമീപിച്ചിട്ടുണ്ട്. ശനിയാഴ്ച കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.