യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് ഇ-മെയിൽ അയച്ചെന്ന കേസ്; രണ്ടര വർഷത്തിനു ശേഷം മുസ്‍ലിം യുവാവിന് ജാമ്യം

പ്രയാഗ്‌രാജ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അധിക്ഷേപകരമായ ഇ-മെയിൽ അയച്ചെന്ന കേസിൽ രണ്ടര വർഷത്തോളമായി തടവിൽ കഴിയുന്ന മുബാറക് അലിക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടുപോകുന്നതും ദീർഘകാലത്തെ തടവുശിക്ഷയും കണക്കിലെടുത്താണ് ജസ്റ്റിസ് കൃഷൻ പഹാലിന്റെ ബെഞ്ച് ജാമ്യാപേക്ഷ അംഗീകരിച്ചത്. പരാതിക്കാരിയായ ജന്നത്തുന്നീസ എന്ന വ്യക്തിയുമായുള്ള കേസ് ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ സന്ദേശം അയച്ചെന്നാരോപിച്ചാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.

കേസിൽ തന്നെ വ്യാജമായി കുടുക്കുകയായിരുന്നുവെന്നും 2024 മാർച്ച് 20 മുതൽ താൻ കസ്റ്റഡിയിലാണെന്നും മുബാറക് അലിയുടെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. ചാർജ് ഷീറ്റ് പ്രകാരം ആകെ 30 സാക്ഷികളുള്ള കേസിൽ 2026 ജൂലൈ വരെ നാലുപേരെ മാത്രമാണ് വിസ്തരിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണ പൂർത്തിയാകാൻ ഏറെ സമയമെടുക്കുന്ന സാഹചര്യത്തിൽ, ക്രിമിനൽ പശ്ചാത്തലം മാത്രം മുൻനിർത്തി ഒരാളെ തുടർന്നും വിചാരണത്തടവുകാരനായി ജയിലിലടയ്ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളിൽ തിരിമറി നടത്താനോ പാടില്ലെന്ന കർശന വ്യവസ്ഥകളോടെ, വ്യക്തിഗത ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യത്തിലുമാണ് മുബാറക് അലിയെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിക്കുന്നവർക്കെതിരെ പൊലീസ് തുടർച്ചയായി നടപടിയെടുക്കുന്ന പശ്ചാത്തലത്തിലാണ് നിർണായകമായ ഈ വിധി വരുന്നത്. അടുത്തിടെ പള്ളി പൊളിച്ചുനീക്കിയതിനെ ചോദ്യം ചെയ്ത വനിതാ മാധ്യമപ്രവർത്തകയെയും സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ച മാധ്യമപ്രവർത്തകനെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Yogi Adityanath Email Case: Muslim Youth Granted Bail After 2.5 Years | Allahabad HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.