രാഹുൽ ഗാന്ധി

'ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി സർക്കാർ'; ബാലഘട്ട് ദുരന്തത്തിൽ ബി.ജെ.പി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ഭോപ്പാൽ: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ മുപ്പതിലധികം ആദിവാസി കുട്ടികൾ രോഗവും പോഷകാഹാരക്കുറവും ചികിത്സാ സൗകര്യങ്ങളുടെ അഭാവവും മൂലം മരിച്ച സംഭവത്തിൽ ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ അനാസ്ഥയാണ് കുട്ടികളുടെ കൂട്ടമരണത്തിലേക്ക് നയിച്ചതെന്നും രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞതും കഴിവുകെട്ടതുമായ ഭരണകൂടമാണ് മധ്യപ്രദേശിലേതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

'വിളക്കുകൾ കൊളുത്തി ആഘോഷങ്ങൾ നടത്തുന്നതിനിടയിൽ സമയം കിട്ടുകയാണെങ്കിൽ സംസ്ഥാനത്തെ യാഥാർത്ഥ്യങ്ങളിലേക്ക് കൂടി മുഖ്യമന്ത്രി മോഹൻ യാദവ് കണ്ണോടിക്കണം' എന്ന് രാഹുൽ ഗാന്ധി 'എക്സിൽ' കുറിച്ചു. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ പോരായ്മ, കുടിവെള്ളമില്ലായ്മ, രോഗനിയന്ത്രണത്തിലെ പരാജയം എന്നിവയാണ് നിരപരാധികളായ കുഞ്ഞുങ്ങളുടെ ജീവൻ കവർന്നത്. മായം ചേർത്ത മരുന്നുകളും വ്യാജമദ്യവും സംസ്ഥാനത്തെ കുടുംബങ്ങളെ തകർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ലയുടെ രാജി കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ മധ്യപ്രദേശ് ഹൈകോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി നോട്ടീസ് അയച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിവേക് റൂസിയ, ജസ്റ്റിസ് പ്രദീപ് മിത്തൽ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ആരോഗ്യവകുപ്പ്, വനിതാ-ശിശുക്ഷേമ വകുപ്പ്, ബാലഘട്ട് കലക്ടർ എന്നിവരുൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചത്. 50 കിടക്കകൾ മാത്രമുള്ള ആശുപത്രിയിൽ 400-ലധികം കുട്ടികളെ തിക്കിത്തിരക്കി പ്രവേശിപ്പിച്ചെന്നും, കുടിവെള്ള പൈപ്പുകളിൽ നിന്ന് മഞ്ഞനിറത്തിലുള്ള മലിനജലമാണ് ലഭിക്കുന്നതെന്നും മാസങ്ങളായി സ്ത്രീകൾക്കും കുട്ടികൾക്കും പോഷകാഹാരം നൽകിയിട്ടില്ലെന്നും കോടതിയിൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Tags:    
News Summary - ‘India’s Most Incompetent Govt’: Rahul Gandhi Slams MP Govt Over Deaths of 30 Tribal Children in Balaghat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.