പുണെ: ബസിനുള്ളിൽ 26കാരിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതി പിടിയിലായതെങ്ങനെയെന്ന് വ്യക്തമാക്കി പൊലീസ്. ഡ്രോൺ ക്യാമറകളും ഡോഗ് സ്ക്വാഡും പൊലീസ് സംഘവും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച അർധരാത്രിയോടെയാണ് കരിമ്പിൻതോട്ടത്തിൽനിന്ന് പ്രതിയെ അറസ്റ്റ് ചെയ്‍തത്.
പൂണെയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള ഗുണത് എന്ന ഗ്രാമത്തിലെ കരിമ്പിൻ തോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരും ഡ്രോൺ ക്യാമറകളും ഡോഗ് സ്ക്വാഡും ചേർന്ന് നടത്തിയ തെരച്ചിലിലാണ് പിടികൂടിയത്.
ബുധനാഴ്ച വൈകുന്നേരത്തോടെ തന്നെ ദത്താത്രേ രാമദാസ് ഗാഡെയുടെ ഒളിത്താവളം പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഗാഡെയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. ഗാഡെയുടെ മാതാപിതാക്കളെയും സഹോദരനേയും ചോദ്യം ചെയ്തു. ഗാഡെയെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
നാട്ടിലേക്ക് പോകാനുള്ള ബസാണെന്ന് തെറ്റിധരിപ്പിച്ചാണ് യുവതിയെ ബസിലേക്ക് കൂട്ടികൊണ്ടുപോയി ഗഡെ ബലാത്സംഗത്തിനിരയാക്കിയത്. പൂണെയിലെ സ്വർഗേറ്റ് ഡിപ്പോയിൽ ചൊവാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബസ് കാത്തിരുന്ന യുവതിയോട് എങ്ങോട്ടാണെന്ന് തിരക്കിയ യുവാവ് നിർത്തിയിട്ട ബസ് അങ്ങോട്ടാണെന്ന് പറഞ്ഞു.
എന്നാൽ, വെളിച്ചമില്ലാത്ത ബസിൽ കയറാൻ പേടിച്ച യുവതിയോട് യാത്രക്കാർ ഉറങ്ങുന്നതിനാൽ ലൈറ്റുകൾ ഓഫ് ചെയ്തിരിക്കുകയാണെന്ന് യുവാവ് വിശ്വസിപ്പിച്ചു. തുടർന്ന് ബസിനുള്ളിൽ കയറിയ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
നാട്ടിലേക്ക് പോകാനുള്ള അടുത്ത ബസിൽ കയറിയപ്പോൾ സുഹൃത്തിനെ കാണുകയും പീഡനവിവരം വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന്, സുഹൃത്തിന്റെ നിർദേശമനുസരിച്ചാണ് പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.