‘ഇഫ്താർ പാർട്ടിയിൽ പ​ങ്കെടുത്തവരെ ജയിലിലടച്ചവർ ഇതു കാണുന്നില്ലേ?’; ഗംഗാനദിയിൽ ബോട്ടിനുള്ളിൽ മദ്യപിച്ച് ഡി.ജെ പാർട്ടി, നടപടിയെടുക്കാതെ അധികൃതർ; വ്യാപക വിമർശനം

വാരണാസി: ഗംഗാനദിയിൽ ബോട്ടിലിരുന്ന് ഒരു കൂട്ടം യുവാക്കൾ മദ്യപിച്ച് ഡി.ജെ പാർട്ടി നടത്തിയ സംഭവത്തിൽ വ്യാപക വിമർശനം. മദ്യപിക്കുന്നതിന്‍റെയും ഉച്ചത്തിലുള്ള ഡി.ജെ സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്നതിന്‍റെയും ദൃശ‍്യങ്ങൾ സമൂഹമാധ‍്യമത്തിൽ പ്രചരിച്ചതോടെയാണ് സംഭവത്തിനെതിരെ വിമർശനങ്ങളുയർന്നത്. ഷർട്ട് ധരിക്കാത്ത ഒരാൾ മദ്യം കഴിക്കുന്നതും പശ്ചാത്തലത്തിൽ ഉച്ചത്തിൽ സംഗീതം മുഴങ്ങുന്നതും വീഡിയോയിൽ കാണാം. മറ്റൊരു വിഡിയോയിൽ സംഗീതത്തിന്റെ അകമ്പടിയോടെ ബോട്ടുകളുടെ ഒരുനിര തന്നെ കടന്നുപോകുന്നതും ദൃശ്യമാണ്.

സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ആഴ്ചകൾക്ക് മുമ്പ് ഗംഗാനദിയിൽ ബോട്ടിൽ സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയിൽ പ​ങ്കെടുത്ത 14 മുസ്‍ലിം യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇഫ്താറിനിടയിൽ ഇവർ മാംസാഹാരം കഴിച്ചെന്നും അതുവഴി മതവികാരം വ്രണപ്പടുത്തിയെന്നും ആരോപിച്ച് ഹിന്ദു യുവമോർച്ച നേതാവ് രജത് ജയ്‌സ്വാൾ നൽകിയ പരാതിയിലാണ് യുവാക്കൾക്കെതിരെ നടപടിയെടുത്തത്.

അടിസ്ഥാന രഹിതമായ ആരോപണത്തിന്റെ ബലത്തിൽ യുവാക്കളെ ജയിലിലടച്ച അധികൃതർ ഗംഗാനദിയിൽ ബോട്ടിലിരുന്ന് മദ്യപാനവും ഡി.ജെയും നടത്തിയിട്ടും മൃദുസമീപനം കൈക്കൊള്ളുന്നതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ചൈത്ര നവരാത്രിയോടനുബന്ധിച്ച് മാഞ്ചി സമുദായത്തിലുള്ളവർ സംഘടിപ്പിച്ച മതപരമായ ഘോഷയാത്രയാണെന്നാണ് വാരാണസി പൊലീസിന്‍റെ വാദം.

ശീതളഘട്ടിൽനിന്ന് ആരംഭിച്ച് ചോട്ടി ശീതള മാതാ ക്ഷേത്രം വഴി മിർസാപൂരിലേക്കായിരുന്നു ഘോഷയാത്ര. രാത്രിയിൽ ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന ഈ വീഡിയോകളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എസി.പി അറിയിച്ചു. എന്നാൽ, ഈ സംഭവം മതവികാരത്തെ വ്രണപ്പെടുത്തിയോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.

Tags:    
News Summary - Don’t those who jailed Iftar party participants see this?”: DJ party and drinking session on a boat in the Ganga; authorities fail to act amid widespread criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.