ബംഗളൂരു: സ്കൂൾ തുറക്കാനിരിക്കുന്ന സാഹചര്യത്തിൽ കോവിഡ് നിർദ്ദേശങ്ങളുമായി കർണാടക സർക്കാർ. പനി,ചുമ,ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുതെന്ന് സർക്കാർ നിർദേശം. മെയ് 26 ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ നടന്ന കോവിഡ് -19 സാഹചര്യ അവലോകന യോഗത്തിൽ നിർദ്ദേശിച്ചതുപോലെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ആരോഗ്യ-കുടുംബക്ഷേമ കമീഷനർ സർക്കുലർ പുറപ്പെടുവിച്ചത്.
സ്കൂൾ കുട്ടികളിൽ പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തിയാൽ, കുട്ടികളെ സ്കൂളിലേക്ക് അയക്കരുത്, ഡോക്ടറുടെ ഉപദേശപ്രകാരം ഉചിതമായ ചികിത്സയും പരിചരണ നടപടികളും സ്വീകരിക്കണമെന്ന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. പൂർണ്ണമായി സുഖം പ്രാപിച്ചതിനുശേഷം മാത്രമേ കുട്ടികളെ സ്കൂളിലേക്ക് അയക്കാവൂ എന്നാണ് നിർദ്ദേശം.
പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുമായി കുട്ടികൾ സ്കൂളിൽ വന്നാൽ മാതാപിതാക്കളെ അറിയിച്ച് വീട്ടിലേക്ക് തിരിച്ചയക്കുക. സ്കൂൾ അധ്യാപകരിലും അനധ്യാപക ജീവനക്കാരിലും ഈ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉചിതമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സ്കൂൾ അധികൃതർക്ക് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
കൈ കഴുകുക,മാസ്ക് ധരിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യേണ്ട ആവശ്യകതയെക്കുറിച്ചും സർക്കുലറിൽ പറയുന്നുണ്ട്. സംസ്ഥാനത്ത് 234 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ബാധിച്ച് ഇതുവരെ മൂന്ന് രോഗികളാണ് മരണപ്പെട്ടത്. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 2000ത്തിലധികമായി ഉയർന്നു. 2710 കേസുകളാണ് ഇന്ത്യയിലാകെയുള്ളത്. കേരളം,മഹാരാഷ്ട്ര,ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.