ന്യൂഡൽഹി: സേനകളുടെ മനോവീര്യം കെടുത്തുന്ന ഹരജികളുമായി സുപ്രീംകോടതിയിൽ വരരുതെന്ന് പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട ഹരജിക്കാരന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. സുപ്രീംകോടതിയിൽനിന്നോ ഹൈകോടതിയിൽനിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ആക്രമണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടതിനെ ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അതിരൂക്ഷമായി വിമർശിച്ചു.
ജമ്മു-കശ്മീരിന് പുറത്ത് കശ്മീരി വിദ്യാർഥികൾ നേരിടുന്ന ആക്രമണങ്ങൾക്കെതിരെ നടപടി വേണമെന്ന ഹരജിയിലെ ആവശ്യവും പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയ ബെഞ്ച് ഈ വിഷയത്തിൽ ഹൈകോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം നൽകി.
ഇത്തരം പൊതു താൽപര്യ ഹരജികൾ സമർപ്പിക്കുമ്പോൾ ഉത്തരവാദിത്തം കാണിക്കണമെന്ന് ഹരജിക്കാരനോട് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. രാജ്യത്തോടും നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. സർക്കാർ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ സുപ്രീംകോടതിക്ക് അങ്ങേയറ്റം സംതൃപ്തിയുണ്ട്. എന്ന് മുതൽക്കാണ് ഹൈകോടതി, സുപ്രീംകോടതി റിട്ട. ജഡ്ജിമാർ അന്വേഷണത്തിൽ വിദഗ്ധരായത് എന്നുകൂടി ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.
ഭീകരതക്കെതിരെ പൊരുതാൻ രാജ്യത്തെ ഓരോ പൗരനും കൈകോർത്തിരിക്കുന്ന വളരെ നിർണായകമായ സമയമാണിത്. നമ്മുടെ സേനയുടെ മനോവീര്യം കെടുത്തുന്ന ആവശ്യങ്ങളുമായി വരരുത്. കോടതിക്ക് ഇത് സ്വീകാര്യമല്ല. നിങ്ങൾ ഈ നടത്തുന്ന ശ്രമം സേനയുടെ മനോവീര്യമില്ലാതാക്കുന്നതാണ്. അതോടെ ഹരജി പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ അറിയിച്ചെങ്കിലും കോടതി വിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.