ചണ്ഡീഗഢ്: ആശുപത്രി കിടക്കയിൽ മാതാവിനൊപ്പം കിടന്ന മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ നായ്ക്കൾ കടിച്ചുകൊണ്ടുപോയി കൊന്നു. ഹരിയാനയിലെ പാനിപത്തിൽ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
ഉത്തർപ്രദേശിലെ കൈറാന സ്വദേശിയായ ഷബ്നം കഴിഞ്ഞദിവസമാണ് പാനിപത്തിലെ ഹാർട്ട് ആൻഡ് മതർ കെയർ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. ജനറൽ വാർഡിലെ കിടക്കയിൽനിന്നാണ് കുഞ്ഞിനെ നായ്ക്കൾ കടിച്ചുകൊണ്ടുപോയത്. ഈസമയം മാതാവിന്‍റെ തൊട്ടരികിലാണ് കുഞ്ഞ് കിടന്നിരുന്നത്. കൂടാതെ, ബന്ധുക്കളും സമീപത്ത് ഉറങ്ങുന്നുണ്ടായിരുന്നു.
പുലർച്ചെ 2.30ഓടെയാണ് കിടക്കയിൽ കുഞ്ഞില്ലാത്തത് ഇവരുടെ ശ്രദ്ധയിൽപെടുന്നത്. പിന്നാലെ ആശുപത്രി അധികൃതരും ബന്ധുക്കളും ഏറെ നേരം തിരച്ചിൽ നടത്തി. ഒടുവിൽ സമീപത്തെ തോട്ടത്തിൽ കുഞ്ഞിനെ കണ്ടെത്തുമ്പോൾ ശരീരമാസകലം നായ്ക്കളുടെ കടിയേറ്റ നിലയിലായിരുന്നു. ചികിത്സ നൽകിയെങ്കിലും കുഞ്ഞ് മരിച്ചു.
സംഭവത്തിൽ ഇതുവരെ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.