റായ്പുരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം വൈറലായിരുന്നു. തനിക്ക് 52 വയസായെന്നും ഇപ്പോഴും സ്വന്തമായി വീടില്ലെന്നുമാണ് രാഹുൽ പറഞ്ഞത്. അലഹാബാദിലെ കുടുംബ വീട് ഞങ്ങളുടേതല്ല. ഞാൻ താമസിക്കുന്നത് 12 തുഗ്ലക് ലെയിനിലെ വീട്ടിലാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രസംഗം വൈറലായതോടെ രാഹുലിന്റെ സ്വത്തുവിവരങ്ങൾ അന്വേഷിച്ച് പലരും രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഇതൊടെയാണ് അദ്ദേഹം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സ്വത്തുവിവരങ്ങൾ സംബന്ധിച്ച സത്യവാങ്മൂലം ചർച്ചയാവുന്നത്.
സത്യവാങ്മൂലം പ്രകാരം രാഹുൽ ഗാന്ധിയുടെ സമ്പാദ്യം 5 കോടി 80 ലക്ഷം രൂപയാണ്. ഓഹരി, ബോണ്ട് തുടങ്ങിയവയിലുള്ള നിക്ഷേപം 5 കോടിയിൽപരം രൂപയുടേതായിരുന്നു. പോസ്റ്റൽ നിക്ഷേപം, ഇൻഷുറൻസ് തുടങ്ങിയവയിലായി 40 ലക്ഷം രൂപയും 2.91 ലക്ഷം രൂപയുടെ സ്വർണവും അടക്കമാണ് 5 കോടി 80 ലക്ഷം രൂപ.
72 ലക്ഷം രൂപയുടെ ബാധ്യതകളും രാഹുലിനുണ്ട്. വയനാട്ടിൽ മത്സരിക്കാൻ എത്തിയപ്പോൾ 40,000 രൂപയായിരുന്നു കൈവശമുണ്ടായിരുന്നത്. വിവിധ ബാങ്കുകളിലായി 17.93 ലക്ഷത്തിന്റെ നിക്ഷേപവും രാഹുലിന്റെ പേരിലുണ്ട്. പരമ്പരാഗതമായി ലഭിച്ച ഡൽഹിയിലെ സുൽത്താൻപൂരിലുള്ള 2.346 ഏക്കർ കൃഷിഭൂമിയിൽ രാഹുൽ ഗാന്ധിക്കും സഹോദരി പ്രിയങ്കയ്ക്കും അവകാശമുണ്ട്. 1 കോടി 32 ലക്ഷം രൂപ വിപണി വിലയുള്ള ഭൂമിയാണിത്. ഗുരുഗ്രാമിൽ വാണിജ്യാവശ്യത്തിനായുള്ള രണ്ട് കെട്ടിടങ്ങളും രാഹുൽ ഗാന്ധിയുടെ പേരിലുണ്ട്. 2014ലെ തിരഞ്ഞെടുപ്പിൽ 9.4 കോടിയായിരുന്നു ആകെ ആസ്തിയായി കാണിച്ചിരുന്നത്.
എന്തായാലും സത്യവാങ്മൂലം പ്രകാരം രാഹുലിന്റെ പേരിൽ സ്വന്തമായി വീടില്ല. റയ്പൂരിലെ തന്റെ പ്രസംഗത്തിൽ 1997ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള കാലവും അദ്ദേഹം ഓർത്തെടുത്തു. ‘അന്ന് ഞങ്ങൾക്ക് താമസിക്കാൻ സർക്കാർ നൽകിയ വീട് സ്വന്തമാണെന്നാണ് ഞാൻ കരുതിയിരുന്നത്. വീട്ടിൽ വിചിത്രമായ ചില സാഹചര്യങ്ങളുണ്ടായി. അപ്പോൾ അമ്മ പറഞ്ഞു വീട് ഞങ്ങളുടെതല്ലെന്നും സർക്കാരിന്റെതാണെന്നും ഒഴിയുകയാണെന്നും. എങ്ങോട്ടു പോകുമെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു അമ്മയുടെ മറുപടിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതറിഞ്ഞപ്പോൾ മുതൽ അനിശ്ചിതത്വമായിരുന്നു’-രാഹുൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.