കമൽ ഹാസനെ ഡി.എം.കെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുമെന്ന് റിപ്പോർട്ടുകൾ

ചെന്നൈ: നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസനെ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ഈ വർഷം ജൂലൈയിലാണ് രാജ്യസഭയിലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പ്. കമൽ ഹാസനെ കഴിഞ്ഞ ദിവസം തമിഴ്നാട് മന്ത്രി പി.കെ. ശേഖർ വീട്ടിലെത്തി കണ്ടിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്റെ നിര്‍ദേശ പ്രകാരമാണ് ചര്‍ച്ച നടന്നത്.

ഡി.എം.കെയും മക്കൾ നീതി മയ്യവും രാഷ്ട്രീയപരമായി ഏറെ അടുത്ത സാഹചര്യമാണ് നിലവിൽ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം ഡി.എം.കെക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു. മക്കൾ നീതി മയ്യത്തിന് അന്ന് രാജ്യസഭ സീറ്റ് ഡി.എം.കെ വാഗ്ദാനം ചെയ്തിരുന്നതായാണ് പറയപ്പെടുന്നത്.

ജൂലൈയിൽ തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന ആറു സീറ്റുകളില്‍ ഒന്നില്‍ കമൽ ഹാസൻ മത്സരിച്ചേക്കും. എം.പിമാരായ എം. ഷണ്‍മുഖം, വൈകോ, പി. വില്‍സണ്‍, എം. മുഹമ്മദ് അബ്ദുള്ള (എല്ലാവരും ഡി.എം.കെ), എന്‍. ചന്ദ്രശേഖരന്‍ (എ.ഐ.എ.ഡി.എം.കെ), അന്‍പുമണി രാംദാസ് (പി.എം.കെ) എന്നിവരുടെ കാലാവധി ജൂണില്‍ അവസാനിക്കുന്നതോടെയാണ് ആറ് രാജ്യസഭാ സീറ്റുകള്‍ ഒഴിവുവരുന്നത്. 

Tags:    
News Summary - DMK To Nominate Actor Kamal Haasan For Rajya Sabha From Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.