ചെന്നൈ: ജനപ്രതിനിധികൾക്കായി വിജയ് സർക്കാർ പ്രഖ്യാപിച്ച കാറും മറ്റു ആനുകൂല്യങ്ങളും നിരസിച്ച് പ്രതിപക്ഷമായ ഡി.എം.കെ. സംസ്ഥാനം കടുത്ത കടക്കെണിയിലാണെന്നും സർക്കാറിന്റെ ഈ നീക്കം പൊതുമുതൽ ധൂർത്തടിക്കുന്നതിന് തുല്യമാണെന്നും ഡി.എം.കെ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഈ വാഗ്ദാനം യാതൊരു കാരണവശാലും സ്വീകരിക്കേണ്ടതില്ലെന്ന് എല്ലാ എം.എൽ.എമാരും ചേർന്ന് തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഭരണമാറ്റം ഉണ്ടായ ആദ്യ ദിവസം മുതൽ സർക്കാർ കടക്കെണിയിലാണെന്ന് അവകാശപ്പെടുന്നവർ എന്തിനാണ് ഇത്തരത്തിലുള്ള ആഡംബരങ്ങൾക്കായി പണം ചെലവഴിക്കുന്നത്. എം.എൽ.എമാർക്ക് വാഹനം അനുവദിക്കുന്നതിന് മുമ്പ് അവരുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങൾ പരിശോധിച്ച് സാമ്പത്തിക സ്ഥിതിയും നിലവിൽ വാഹനങ്ങളുണ്ടോ എന്നും ഉറപ്പുവരുത്തണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടു.
എല്ലാ എം.എൽ.എമാർക്കും കാറും വാഹന അലവൻസായി മാസം 75,000 രൂപ, എം.എൽ.എ ഓഫിസിൽ സഹായിയെ നിർത്താനായി മാസം 25,000 രൂപ എന്നിങ്ങനെ അലവൻസും കഴിഞ്ഞ ദിവസം വിജയ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാൽ എം.എൽ.എമാർക്ക് മണ്ഡലത്തിലെത്തി ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന വി.സി.കെ എം.എൽ.എ ജ്യോതിമണി ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്ന വിജയിയുടെ ഈ പ്രഖ്യാപനം.
ഭരണതലത്തിൽ അഴിമതിരഹിതമായ ഭരണം ഉറപ്പാക്കുമ്പോൾ തന്നെ ജനപ്രതിനിധികളുടെ അടിസ്ഥാന ആവശ്യങ്ങളും നിറവേറ്റേണ്ടതുണ്ടെന്നായിരുന്നെന്നും എല്ലാ എം.എൽ.എമാരെയും തുല്യരായി കാണാനാണ് ഉദ്ദേശിക്കുന്നതെന്നും തമിഴ്നാട് മുഖ്യമന്ത്രി വ്യക്തമാക്കി. സി.പി.ഐ, വി.സി.കെ തുടങ്ങിയ ചെറിയ കക്ഷികളിലെ പല എം.എൽ.എമാരുടെയും സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്നും, മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കാൻ കാറുകൾ ആഡംബരമല്ല, മറിച്ച് അടിസ്ഥാന ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമഭേദഗതികൾ വരുത്തി ഔദ്യോഗിക ഉത്തരവുകൾ ഉടൻ പുറത്തിറക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനമാണ് ഡി.എം.കെ നിരസിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.