ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയുമായി പൊലീസ് സ്റ്റേഷനിലെത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന കുത്തിയിരിപ്പ് സമരം നാലു മണിക്കൂർ പിന്നിട്ടു.
സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിക്കുന്നത്. കേസെടുക്കാതെ സ്റ്റേഷനിൽനിന്ന് പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ് രാഹുൽ. പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ ലോചവിനും കുടുംബത്തോടൊപ്പവുമാണ് രാഹുൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. സാഹിലിന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം ധർണയിരിക്കുന്നുണ്ട്. കൂടുതൽ കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നുണ്ട്. മുൻകരുതലിന്‍റെ ഭാഗമായി സ്റ്റേഷന്‍റെ ഗേറ്റ് അടച്ചു.
പെല്ലറ്റ് ആക്രമണം അന്വേഷിക്കാൻ സുപ്രീംകോടതി ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ തിരിച്ചുപോകില്ലെന്ന് രാഹുൽ വ്യക്തമാക്കി. ‘ഞങ്ങൾ വിദ്യാർഥികൾക്കും നീതിക്കുംവേണ്ടിയാണ് നിലകൊള്ളുന്നത്. മൗനം പാലിക്കില്ല. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതുവരെ ഡി.സി.പി ഓഫിസിന് മുന്നിൽ ധർണ തുടരും’ -കോൺഗ്രസ് എക്സിൽ കുറിച്ചു. അതേസമയം, രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
വന്ദേ മാതര വിവാദത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്ന് രവിശങ്കർ പ്രസാദ് എം.പി ആരോപിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ രാഷ്ട്രീയം കളിക്കുന്നത് വളരെ ദൗർഭാഗ്യകരമാണ്. അനുമതി വാങ്ങാതെ, മുൻകൂട്ടി അറിയിക്കാതെ അദ്ദേഹം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ ധർണയിരിക്കുകയാണ്. വിഷയത്തിൽ ഇതിനകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചതാണ്. അന്വേഷിക്കാൻ സുപ്രീംകോടതി ഒരു ഉന്നതാധികാര സമിതിയെയും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
രാഹുൽ ഗാന്ധിയുടെ ഈ കുത്തിയിരിപ്പ് സമരം വിദ്യാർഥികൾക്കുവേണ്ടിയോ നീതിക്കുവേണ്ടിയോ ഉള്ളതല്ലെന്നും, ഇത് കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ നിരാശയുടെയും കോൺഗ്രസ് നേതാവിന്‍റെ മാധ്യമശ്രദ്ധ പിടിച്ചുപാറ്റാനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ കുറ്റപ്പെടുത്തി.
രാജ്യത്തെ പരമോന്നത കോടതി വിഷയം അന്വേഷിച്ചുകൊണ്ടിരിക്കുമ്പോൾ, പൊലീസ് സ്റ്റേഷന് മുന്നിൽ കാമറകൾക്ക് മുമ്പിൽ കുത്തിയിരുന്ന് രാഹുൽ ഗാന്ധി എന്താണ് തെളിയിക്കാൻ ആഗ്രഹിക്കുന്നത്? രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിൽ പ്രതിപക്ഷ നേതാവിന് വിശ്വാസമില്ലേയെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.