ബംഗളൂരു: ദൊഡ്ഡലഹള്ളി കെമ്പഗൗഡ ശിവകുമാർ അഥവാ ഡി.കെ.എസ് എന്നറിയപ്പെടുന്ന ഡി.കെ. ശിവകുമാർ എട്ട് തവണ നിയമസഭാംഗവും നാല് തവണ സംസ്ഥാന കാബിനറ്റ് മന്ത്രിയുമായി പ്രവർത്തിച്ചിട്ടുണ്ട്. 1962 മേയ് 15ന് കർണാടകയിലെ രാമനഗര ജില്ലയിലെ കനകപുരയിലുള്ള വൊക്കലിംഗ കുടുംബത്തിൽ കെമ്പഗൗഡയുടെയും ഗൗരമ്മയുടെയും മകനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബാംഗ്ലൂരിലെ ശ്രീ ജഗദ് ഗുരു രങ്കാചാര്യ കോളജിൽനിന്ന് ബിരുദവും കർണാടക ഓപൺ യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമക്കി.
കാമ്പസ് കാലഘട്ടത്തിലാണ് ശിവകുമാർ രാഷ്ട്രീയക്കളരിയിലേക്ക് പ്രവേശിച്ചത്. പാർട്ടി യിലെ വലിയ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാനും, വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ പ്രതിസന്ധികൾ പരിഹരിക്കാനും കോൺഗ്രസ് എം.എൽ.എമാരെ കൂറുമാറ്റത്തിൽനിന്ന് സംരക്ഷിക്കാനും പാർട്ടി ഹൈകമാൻഡ് സധൈര്യം ഏൽപിക്കുന്നത് അദ്ദേഹത്തെയാണ്.
2018ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ 104 സീറ്റുകൾ നേടി ബി.ജെ.പി വലിയ ഒറ്റക്കക്ഷിയായ സാഹചര്യത്തിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാർ രൂപവത്കരിക്കാനുള്ള ചർച്ചകൾക്ക് മുൻകൈയെടുത്തത് ശിവകുമാറായിരുന്നു. 2019 വരെ നീണ്ട ഈ സഖ്യസർക്കാറിൽ 80 അംഗങ്ങളുള്ള കോൺഗ്രസ് എം.എൽ. എമാർ 37 അംഗങ്ങളുള്ള ജനതാദൾ സെക്കുലർ പാർട്ടിക്ക് പിന്തുണ നൽകി.
സ്വതന്ത്രരടക്കം 120 പേരുടെ പിന്തുണയോടെയാണ് അന്ന് സർക്കാർ രൂപവത്കരിച്ചത്. ഇതിലൂടെ ജനതാദൾ സെക്കുലർ നേതാവ് എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായും മുതിർന്ന കോൺഗ്രസ് നേതാവ് ജി. പരമേശ്വര ഉപ മുഖ്യമന്ത്രിയായും സ്ഥാനമേറ്റു. 2017ൽ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ കൂറുമാറ്റ ഭീഷണിയെ തുടർന്ന് ഗുജറാത്തിൽനിന്നുള്ള 42 കോൺഗ്രസ് എം.എൽ.എമാരെ ബംഗളൂരുവിലെ റിസോർട്ടിൽ താമസിപ്പിക്കാൻ മുൻകൈയെടുത്തത് ശിവകുമാറാണ്.
ഈ നീക്കം ഗുജറാത്തിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിജയത്തിന് കാരണമായി മാറി. 2023 മേയ് മുതൽ കർണാടക ഉപമുഖ്യ മന്ത്രി എന്നതിന് പുറമെ ജലവിഭവ മന്ത്രി, ബംഗളൂരു വികസന മന്ത്രി, ബംഗളൂരു അർബൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്നീ പദവികളുമുണ്ട്. 2020 മു തൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡന്റുമാണ്.
ഏറെ കാലത്തെ അഭ്യൂഹത്തിന് വിട നല്കി കര്‍ണാടകയില്‍ ഇനി ഡി.കെ യുഗം. അധികാര കൈമാറ്റം മൂര്‍ധന്യത്തിലെത്തിയത് കോണ്‍ ഗ്രസ് സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയായ ശേഷമാണ്. ശിവകുമാറിന്റെ അനുയായികള്‍ അധികാര കൈമാറ്റം വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നു. മന്ത്രിസഭ പുനഃസംഘടന നടത്തണമെന്നും നിലവില്‍ മന്ത്രിപദത്തിലുള്ള ചിലരെ മാറ്റി മറ്റുള്ളവര്‍ക്കും മന്ത്രിമാരായി സേവനമനുഷ്ഠിക്കാന്‍ അവസരം നല്‍കണമെന്ന് മന്ത്രിസ്ഥാനം ആഗ്രഹിച്ച എം.എല്‍.എമാരില്‍ വലിയൊരു വിഭാഗത്തില്‍നിന്നും ആവശ്യം ഉയരുകയും ഡല്‍ഹിയില്‍ ഹൈകമാന്‍ഡിനെ കാണുകയും ചെയ്തിരുന്നു.
ഇവരും നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് നേതൃത്വം നൽകി. തുടര്‍ന്നു മേയ് അവസാനത്തോടെ കേരള മുഖ്യമന്ത്രിയായ വി.ഡി. സതീശന്റെ സത്യപ്രതിഞ്ജക്കു ശേഷം ഊർജമന്ത്രിയായ കെ.ജെ. ജോർജിന്റെ വീട്ടില്‍വെച്ച് ഖാര്‍ഗെ, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ എന്നിവര്‍ കൂടിക്കാഴ്ച നടത്തി നേതൃമാറ്റം സംബന്ധിച്ച നിര്‍ണായക ചര്‍ച്ച നടത്തി. കഴിഞ്ഞ ചൊവ്വാഴ്ച കോണ്‍ഗ്രസ് ഹൈകമാന്‍ഡ് സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ എന്നിവരെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
രണ്ടു ദിവസം സമയം ചോദിച്ച സിദ്ധരാമയ്യ വ്യാഴാഴ്ച സ്വവസതിയിൽ മന്ത്രിസഭ സഹപ്രവർത്തകർക്കായി സംഘടിപ്പിച്ച പ്രഭാതഭക്ഷണ യോഗത്തിൽ രാജിവെക്കാനുള്ള തീരുമാനം അറിയിക്കുകയും ശിവകുമാറിനെ തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ലോക് ഭവനിലെത്തി ഗവർണർ താവർ ചന്ദ് ഗെഹ് ലോട്ടിന്റെ അസാന്നിധ്യത്തിൽ പ്രൈവറ്റ് സെക്രട്ടറിക്ക് രാജി നൽകി. ഗവർണർ വെള്ളിയാഴ്ച രാജി അംഗീകരിച്ചു. മന്ത്രിസഭ ഉടന്‍ പിരിച്ചുവിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
തുടര്‍ന്ന് സിദ്ധരാമയ്യയും മകന് യതീന്ദ്ര സിദ്ധരാമയ്യയും സോണിയ ഗാന്ധിയുടെ 10, ജൻപഥിലെ വസതിയിലെത്തി രാഹുൽ ഗാന്ധിയെ കണ്ടു. കൂടിക്കാഴ്ചയില്‍ കർണാടകയിലെ പുതിയ മന്ത്രിസഭയിൽ മകനും വിശ്വസ്തർക്കും ഉപമുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. രാജ്യസഭ സീറ്റ് നിരസിച്ച സിദ്ധരാമയ്യ കര്‍ണാടകയില്‍തന്നെ തുടരാനാണ് ആഗ്രഹം എന്നറിയിക്കുകയും ചെയ്തു. ശനിയാഴ്ച നടന്ന കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗത്തിൽ ഡി.കെ. ശിവകുമാറിനെ പുതിയ നേതാവായി ഐകകണ്ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നു.
സർക്കാർ ജീവനക്കാർക്ക് പകുതി ദിവസ അവധി
ബംഗളൂരു: നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് കണക്കിലെടുത്ത് ബുധനാഴ്ച വിധാൻ സൗധ, വികാസ സൗധ, ബഹുനില കെട്ടിടം എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും കർണാടക സർക്കാർ പകുതി ദിവസത്തെ അവധി പ്രഖ്യാപിച്ചു. വൈകീട്ട് 4.05 ന് കർണാടക നിയമസഭ പരിസരത്ത് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്ന് പേഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് റിഫോംസ് വകുപ്പ് (ഡി.പി.എ.ആർ) പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു.
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, പാർട്ടി നേതാക്കൾ, പൊതുജനങ്ങൾ എന്നിവര്‍ ചടങ്ങിൽ പങ്കെടുക്കും. സുരക്ഷ ക്രമീകരണങ്ങൾ ഗതാഗത നിയന്ത്രണം, ചടങ്ങിന്റെ സുഗമമായ നടത്തിപ്പ് എന്നിവ മുന്‍ നിര്‍ത്തിയാണ് തീരുമാനമെന്ന് സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.