അഗർത്തല: മാതാപിതാക്കളുടെ മരണശേഷം വിവാഹമോചിതയാകുന്ന മകൾക്ക് അവരുടെ പെൻഷൻ തുക കൈപ്പറ്റാനാവില്ലെന്ന് ത്രിപുര ഹൈകോടതി. പിതാവിന്റെ മരണശേഷം വിവാഹമോചിതയായ യുവതി നൽകിയ ഹരജി പരിഗണിക്കവെ കുടുംബ പെൻഷന് അർഹതയില്ലെന്ന് ഹൈകോടതി വിധിക്കുകയായിരുന്നു. ത്രിപുര സ്റ്റേറ്റ് സിവിൽ സർവിസസ് ചട്ടപ്രകാരം പെന്‍ഷന് അർഹനായ വ്യക്തി മരിക്കുന്ന സമയത്ത് തന്നെ മകൾക്ക് കുടുംബ പെൻഷനുള്ള യോഗ്യത ഉണ്ടായിരിക്കണമെന്ന് ജസ്റ്റിസ് എസ്. ദത്ത പുർകായസ്ഥ വ്യക്തമാക്കി. എന്നാൽ അവിവാഹിതരായ പെൺമക്കൾ, വിധവകൾ, വിവാഹമോചിതർ എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രമേ പെൻഷന് അർഹതയുള്ളൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
അഗർത്തല മുനിസിപ്പൽ കോർപറേഷനിലെ തൊഴിലാളിയായ യുവതിയുടെ പിതാവ് 2018 ഡിസംബർ രണ്ടിനാണ് മരിച്ചത്. നിയമപരമായി വിവാഹമോചിതയല്ലാതിരുന്ന ഇവർ ഭർത്താവ് ഉപേക്ഷിച്ചതിനെത്തുടർന്ന് കഴിഞ്ഞ 40 വർഷമായി പിതാവിനൊപ്പം താമസിക്കുകയയിരുന്നു. പൂർണ്ണമായും പിതാവിനെ ആശ്രയിച്ചായിരുന്നു യുവതിയുടെ ജീവിതം. പിന്നീട് 2021ലാണ് യുവതി ഭർത്താവിൽ നിന്നും നിയമപരമായി വിവാഹമോചനം നേടുന്നത്. തുടർന്ന് 2022ൽ പെന്‍ഷനായി അപേക്ഷിച്ചെങ്കിലും അധികൃതർ ഇത് നിരസിക്കുകയായിരുന്നു.
പിതാവ് മരിക്കുമ്പോൾ ഹരജിക്കാരി 'വിവാഹമോചിതയായ മകൾ' എന്നതല്ല, മറിച്ച് 'ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന വിവാഹിതയായ മകൾ' എന്നാണ് കോടതിയുടെ വാദം. നിലവിലെ നിയമങ്ങൾ പ്രകാരം യുവതിക്ക് പിതാവിന്‍റ പെന്‍ഷന്‍ തുക കൈപ്പറ്റാനോ ഭരണഘടനയുടെ 226-ാം അനുച്ഛേദം അനുസരിച്ച് കോടതിക്ക് നിലവിലുള്ള ചട്ടങ്ങൾ മാറ്റിയെഴുതാനോ കഴിയില്ല. ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രമേ മക്കൾക്ക് ആനുകൂല്യം നൽകാവൂ എന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിൽ അത് വിവേചനമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. പിതാവ് ജീവിച്ചിരുന്നപ്പോൾ മകൾ അദ്ദേഹത്തെ ആശ്രയിച്ചിരുന്നു എന്നത് വസ്തുതയാണെങ്കിലും, നിയമപരമായ ആനുകൂല്യങ്ങൾ നിശ്ചയിക്കുന്നത് മരണസമയത്തെ വൈവാഹിക പദവി അടിസ്ഥാനമാക്കിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.