ന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ മുന്നേറ്റത്തിൽ പ്രതികരണവുമായി ഭാരത് ജോഡോ അഭിയാൻ ദേശീയ കൺവീനറും തെരഞ്ഞെടുപ്പ് നിരീക്ഷകനുമായ യോഗേന്ദ്ര യാദവ്. എൻ.ഡി.എയുടെ മുന്നേറ്റം നിരാശപ്പെടുത്തുന്നതാണെങ്കിലും ഒട്ടും ആശ്ചര്യം തോന്നുന്നില്ലെന്നും അവർക്കായിരുന്നു മേൽക്കൈ എന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കി.
നിതീഷ് കുമാറിന്റെ പാർട്ടി ഒറ്റ രാത്രികൊണ്ട് ഭരണം ഏറ്റെടുക്കുന്നത് കാണാൻ സാധ്യതയില്ല. ജെ.ഡി.യുവിന്റെ മികച്ച പ്രകടനം കണക്കിലെടുക്കുമ്പോൾ നിതീഷ് കുമാറിനെ തന്നെ മുഖ്യമന്ത്രിയാക്കാൻ ബി.ജെ.പി നിർബന്ധിതമാകും. അങ്ങനെ വന്നാലും കരുത്തനായ ഉപമുഖ്യമന്ത്രിയെ ബി.ജെ.പി കളത്തിലിറക്കും. അങ്ങനെ നോക്കുമ്പോൾ അധികം വൈകാതെ ജെ.ഡി.യു നേതാക്കൾ ബി.ജെ.പിയിൽ ലയിക്കാൻ സാധ്യതയുണ്ട്. ജെ.ഡി.യുവിന്റെ ആസന്നമായ പതനത്തിന് ഇപ്പോൾ തന്നെ തുടക്കമായിട്ടുണ്ടെന്നും യോഗേന്ദ്ര യാദവ് വിലയിരുത്തി.
എൻ.ഡി.എയും മുന്നേറ്റത്തിനും മഹാസഖ്യത്തിന്റെ പതനത്തിനും പ്രധാനമായും മൂന്ന് കാരണങ്ങളാണ് യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടിയത്. ഒന്നാമതായി എൻ.ഡി.എ എന്നത് വലിയൊരു രാഷ്ട്രീയ സഖ്യമാണ്. മഹാഗഡ്ബന്ധൻ വളരെ ചെറുതും. ചിരാഗ് പാസ്വാനും എൽ.ജെ.പിയും കൂടി എൻ.ഡി.എയുടെ ഭാഗമായതോടെ സഖ്യത്തെ പരാജയപ്പെടുത്തുക പ്രയാസമായി മാറി.
രണ്ടാമത്തെ കാര്യം സാമൂഹികവും ജാതി അടിസ്ഥാനത്തിലുള്ളതുമായ സഖ്യങ്ങളുടെ കാര്യത്തിൽ വോട്ടുകൾ ശേഖരിക്കാൻ എൻ.ഡി.എക്ക് വളരെ വലിയ സാമൂഹിക ഗ്രൂപ്പുകളുണ്ട്. മുസ്‍ലിം, യാദവ വോട്ടുകളിലാണ് മഹാസഖ്യത്തിന്റെ പ്രതീക്ഷ. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ (ഇ.ബി.സി) വോട്ടുകളിൽ എൻ.ഡി.എക്ക് ശക്തമായ അടിത്തറയുണ്ട്. ഇ.ബി.സി വോട്ടുകളുടെ 20-22 ശതമാനം വരെ എൻ.ഡി.എയുടെ അക്കൗണ്ടിലെത്തും.
മൂന്നാമതായി ബിഹാറിലെ വനിത വോട്ടർമാർ എൻ.ഡി.എക്കൊപ്പമാണ്. കുടുംബത്തിന്റെ താൽപര്യത്തിനും ജാതി അടിസ്ഥാനമാക്കിയുള്ള സഖ്യങ്ങൾക്കും വിരുദ്ധമായി വോട്ട് ചെയ്യാൻ ഇവർക്ക് മടിയില്ല. പോരാത്തതിന് മുഖ്യമന്ത്രി മഹിള റോസ്ഗർ യോജനപ്രകാരം വനിതകൾക്ക് 10,000 രൂപ സഹായധനമായും എൻ.ഡി.എ പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിരുന്നു. വലിയ തോതിൽ വനിതകളെ എൻ.ഡി.എയിലേക്ക് ആകർഷിക്കാൻ ഈ പ്രഖ്യാപനം കൊണ്ട് സാധിച്ചിട്ടുണ്ട്. കാരണം 10,000 രൂപ എന്നത് ബിഹാറിലെ കുടുംബങ്ങൾക്ക് ചെറിയ തുകയല്ല.
എസ്.ഐ.ആറിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എന്നതും ബിഹാറിൽ എൻ.ഡി.എയുടെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ടോ എന്നതിനും യോഗേന്ദ്ര യാദവിന് കൃത്യമായ മറുപടിയുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമീഷന്റെ റോളിനെ വിലകുറച്ചു കാണാനാവില്ല എന്നദ്ദേഹം പറഞ്ഞു. എന്നാൽ എൻ.ഡി.എയുടെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും തെരഞ്ഞെടുപ്പ് കമീഷന് നൽകുന്നത് രാഷ്ട്രീയ അബദ്ധമാണ് താനും. പ്രതിപക്ഷം അതിലേക്ക് തിരിയരുത്. പകരം യാദവ-മുസ്‍ലിം കൂട്ടുകെട്ടിനപ്പുറം തങ്ങളുടെ സാമൂഹിക അടിത്തറ വികസിപ്പിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷസഖ്യം വിലയിരുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 190 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്ന എൻ.ഡി.എ വ്യക്തമായ ഭൂരിപക്ഷത്തോടെ വൻകുതിപ്പാണ് നടത്തിയിരിക്കുന്നത്. ഇൻഡ്യ സഖ്യത്തിന്റെ നേട്ടം 51 സീറ്റുകളിൽ ഒതുങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.