അഭിജീത് ദീപ്കെ, അമിത് ഷാ
‘അമിത് ഷാ അന്വേഷണത്തിന് ഉത്തരവിടൂ’; വിദേശ ഫണ്ടിങ് ആരോപണത്തിൽ വെല്ലുവിളിച്ച് അഭിജീത് ദീപ്കെ
ന്യൂഡൽഹി: തങ്ങളുടെ സംഘടനയുടെ ഫണ്ടിങ്ങിനെക്കുറിച്ചും വിദേശ ബന്ധങ്ങളെക്കുറിച്ചും ഉയരുന്ന ആരോപണങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ പ്രതികരണവുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ. ഫണ്ടിങ് സ്രോതസ്സുകളെക്കുറിച്ച് വെറുതെ സംശയങ്ങൾ ഉന്നയിക്കുന്നതിന് പകരം കേന്ദ്ര സർക്കാർ ഔദ്യോഗികമായി സമഗ്രമായ അന്വേഷണം നടത്തണമെന്നും അതിന്റെ കണ്ടെത്തലുകൾ പരസ്യപ്പെടുത്തണമെന്നും അഭിജീത് ആവശ്യപ്പെട്ടു. നാഗ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സി.ജെ.പി മുന്നേറ്റത്തിന് പിന്നിൽ ബാഹ്യ ഇടപെടലുകളുണ്ടെന്നും രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നുമുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അഭിജീതിന്റെ പ്രതികരണം. ‘ആഭ്യന്തര മന്ത്രാലയം ഈ വിഷയത്തിൽ ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിക്കുകയും അതിന്റെ അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തുകയും വേണം. അല്ലാതെയുള്ള ആരോപണങ്ങൾക്ക് യാതൊരു അടിത്തറയുമില്ല അഭിജീത് ദിപ്കെ വ്യക്തമാക്കി.
സി.ജെ.പി മുന്നേറ്റത്തിന് പിന്നിൽ സുതാര്യമല്ലാത്ത ഫണ്ടിങ്ങും ഏകോപിതമായ വ്യാജ പ്രചാരണങ്ങളുമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഏജൻസികൾ ആശങ്ക പ്രകടിപ്പിച്ചതായി 'ദി ഫ്രീ പ്രസ് ജേണൽ' റിപ്പോർട്ട് ചെയ്തിരുന്നു. നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ കണ്ടതിന് സമാനമായി ഇന്ത്യയിലും രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാൻ വിദേശ ശക്തികൾ ശ്രമിക്കുന്നുണ്ടോ എന്ന് മുതിർന്ന അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെയും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളോ ആശങ്കകളോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ധമ്മ ചക്ര പ്രവർത്തന ദിനത്തോടനുബന്ധിച്ച് ഡോ. ബി.ആർ. അംബേദ്കർ ബുദ്ധമതം സ്വീകരിച്ച ചരിത്രപ്രധാനമായ നാഗ്പൂരിലെ ദീക്ഷാഭൂമി സന്ദർശിച്ച ശേഷമാണ് അഭിജീത് മാധ്യമങ്ങളെ കണ്ടത്. ‘പ്രതിഷേധക്കാർക്കെതിരെ സർക്കാർ നടത്തുന്ന കർശന നടപടികളെ അദ്ദേഹം ശക്തമായി വിമർശിച്ചു.
ദേശീയ പതാക വീശിയാൽ പോലും കടുത്ത നടപടിയെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും, ഇത് രാജ്യത്ത് അനൗദ്യോഗിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് തുല്യമാണെന്നും അഭിജീത് കുറ്റപ്പെടുത്തി. 1975ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്ത് പോലും ഇത്തരത്തിലുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന അമേരിക്കൻ ആസ്ഥാനമായുള്ള ദാതാക്കളിൽ നിന്ന് സി.ജെ.പിക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് അമേരിക്കൻ ഗായിക മേരി മിൽബെൻ എക്സിലൂടെ ആരോപിച്ചിരുന്നു. ഇന്ത്യയിൽ അസ്ഥിരത ഉണ്ടാക്കാൻ ഈ ഫണ്ട് ഉപയോഗിക്കുന്നുവെന്നും അവർ ആരോപിക്കുകയുണ്ടായി. എന്നാൽ ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന യാതൊരുവിധ തെളിവുകളും അവർ പുറത്തുവിട്ടിട്ടില്ല. ഫണ്ടിങ് സംബന്ധിച്ച് തെളിവുകളില്ലാത്ത ആരോപണങ്ങൾ തുടരുമ്പോഴും, ഡൽഹിയിലും മറ്റും തങ്ങളുടെ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് സി.ജെ.പിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.