മതം മാറിയാൽ പിന്നാക്ക സംവരണം തനിയെ ലഭിക്കില്ല: തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
ന്യൂഡൽഹി: ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം ഉൾപ്പെടെയുള്ള അഹിന്ദു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്ന വ്യക്തികൾക്ക് തങ്ങളുടെ പൂർവ്വ ജാതി പദവിയുടെ അടിസ്ഥാനത്തിൽ പിന്നാക്ക വിഭാഗ സംവരണം അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി. തമിഴ്നാട് സർക്കാരിന്റെ ഹരജി തള്ളിയ കോടതി, ഇസ്ലാമിലേക്ക് മതം മാറിയതുകൊണ്ടുമാത്രം ഒരാൾക്ക് സംസ്ഥാനത്ത് വിജ്ഞാപനം ചെയ്തിട്ടുള്ള ഏഴ് മുസ്ലിം പിന്നാക്ക വിഭാഗങ്ങളിൽ അംഗത്വം ലഭിക്കില്ലെന്നും വ്യക്തമാക്കി.
ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് മദ്രാസ് ഹൈകോടതിയുടെ വിധി ശരിവെച്ചത്. മതം മാറുന്നതിന് മുമ്പുള്ള ജാതി പദവി പിന്നീട് മുസ്ലിം പിന്നാക്ക വിഭാഗത്തിന്റെ പദവിയായി സ്വമേധയാ മാറ്റാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
മതം മാറിയതുകൊണ്ടുമാത്രം ഒരു വ്യക്തിക്ക് പ്രത്യേക പിന്നാക്ക വിഭാഗത്തിൽ അംഗത്വം ലഭിക്കില്ലെന്നും അതിന് നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മതം മാറുന്നതിന് മുമ്പുള്ള സാമൂഹിക പിന്നാക്കാവസ്ഥ മാത്രം മറ്റൊരു മതസാമൂഹിക വിഭാഗത്തിൽ അംഗത്വം നേടുന്നതിനുള്ള നിയമപരമായ അടിസ്ഥാനമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനയിലെ പട്ടികജാതി ഉത്തരവുപ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിൽപ്പെട്ടവർക്കാണ് നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി പട്ടികജാതി പദവി ലഭിക്കുക. ഈ മതങ്ങളിൽപ്പെടാത്ത മതത്തിലേക്ക് മാറുന്നവർക്ക് പട്ടികജാതി പദവി അവകാശപ്പെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, മതം മാറിയശേഷം വീണ്ടും ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തുന്നവരുടെ സംവരണാവകാശം പഴയ ജാതി പദവിയുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനിക്കാനാവില്ല. പഴയ ജാതി സ്വത്വം യഥാർഥത്തിൽ പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ടോ, നിയമപരമായ നിബന്ധനകൾ പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചു.
2015-ൽ ഹിന്ദു മതത്തിൽ നിന്ന് ഇസ്ലാമിലേക്ക് മാറിയ തൂത്തുക്കുടി സ്വദേശി സമീർ അഹമ്മദ്, തമിഴ്നാട്ടിലെ പിന്നാക്ക മുസ്ലിം വിഭാഗമായ 'മുസ്ലിം ലെബ്ബൈ' സർട്ടിഫിക്കറ്റിനായി നൽകിയ അപേക്ഷ തഹസിൽദാർ നിരസിച്ചതാണ് കേസിന് ആസ്പദമായത്. മതം മാറുന്നവർക്ക് ഈ സംവരണം അനുവദിക്കാമെന്ന് തമിഴ്നാട് സർക്കാർ 2024-ൽ ഉത്തരവിറക്കിയിരുന്നെങ്കിലും, ഈ സർക്കാർ ഉത്തരവ് ഭരണഘടനക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈകോടതി റദ്ദാക്കുകയായിരുന്നു.
ഇസ്ലാമിലും ക്രിസ്തുമതത്തിലും ജാതിവ്യവസ്ഥയോ സാമൂഹികമായ തരംതിരിവുകളോ ഇല്ലെന്ന് പ്രചരിപ്പിച്ചാണ് മതപരിവർത്തനം നടത്തുന്നതെന്നും, അതിനുശേഷം ഇസ്ലാമിലും പിന്നാക്കാവസ്ഥയും ജാതി ശ്രേണിയും ഉണ്ടെന്ന് വാദിക്കുന്നത് പരസ്പരവിരുദ്ധമാണെന്നും മദ്രാസ് ഹൈകോടതി നിരീക്ഷിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് തമിഴ്നാട് സർക്കാർ അപ്പീൽ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.