അബ്ബാസ് കാസ്മി
‘നിർവഹിച്ചത് നിയമപരമായ ഉത്തരവാദിത്തം’; അജ്മൽ കസബിനുവേണ്ടി ഹാജരായതിൽ അധിക്ഷേപമെന്ന് അഭിഭാഷകൻ
മുംബൈ: മുംബൈ ഭീകരാക്രമണക്കേസിൽ പ്രതി അജ്മൽ കസബിനുവേണ്ടി കോടതിയിൽ ഹാജരായതിന്റെ പേരിൽ വർഷങ്ങൾക്കിപ്പുറവും സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം നേരിടുന്നുണ്ടെന്ന് അഭിഭാഷകൻ അബ്ബാസ് കാസ്മി. രാജ്യത്തെ നടുക്കിയ 26/11 ഭീകരാക്രമണക്കേസിൽ പ്രതിഭാഗത്തിന് വേണ്ടി വാദിച്ചതിന്റെ പേരിൽ വ്യക്തിപരമായും തൊഴിൽപരമായും വലിയ തിരിച്ചടികൾ നേരിട്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രതിക്കുവേണ്ടി വാദിക്കുക എന്നത് അഭിഭാഷകന്റെ നിയമപരമായ ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്. കുറ്റാരോപിതന് നീതിപൂർവമായ വിചാരണ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് പ്രതിഭാഗം അഭിഭാഷകന്റെ ചുമതല. എന്നാൽ കസബിന്റെ കേസിൽ ഈ നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുത്തതിന്റെ പേരിൽ തനിക്ക് ഇന്നും അധിക്ഷേപം നേരിടേണ്ടിവരുന്നുവെന്നാണ് കാസ്മി പറയുന്നത്.
കസബിനെ പ്രതിനിധീകരിക്കാൻ തീരുമാനിച്ചതോടെ തന്റെ ക്ലയന്റുകളുടെ എണ്ണത്തിൽ കുറവുണ്ടായെന്നും പലരും തന്നെ സമീപിക്കാൻ മടിച്ചെന്നും കാസ്മി നേരത്തെയും വെളിപ്പെടുത്തിയിരുന്നു. ബന്ധുക്കളിൽനിന്നും സ്വന്തം സമുദായത്തിൽ നിന്നും വിമർശനങ്ങൾ നേരിടേണ്ടി വന്നെന്ന് കാസ്മി വ്യക്തമാക്കി. കസബിനുവേണ്ടി വാദിച്ചതിന്റെ പേരിൽ തന്നെ ഭീകരവാദിയുടെ അഭിഭാഷകനായി മുദ്രകുത്തിയെന്നും അദ്ദേഹം മുന്നേ പറഞ്ഞിരുന്നു.
2008 നവംബർ 26 നാണ് രാജ്യത്തെയാകെ നടുക്കിയ 26/11 മുംബൈയിൽ നടക്കുന്നത്. പാകിസ്താൻ ഭീകരസംഘടനയായ ലഷ്കർ-ഇ-ത്വയ്ബയുടെ നേതൃത്വത്തിൽ നടത്തിയ ആസൂത്രിതമായ അക്രമണ പരമ്പരയായിരുന്നു ഇത്. രണ്ട് ദിവസത്തിൽ കൂടുതൽ നീണ്ടുനിന്ന ഈ അക്രമണത്തിൽ 22 വിദേശികളടക്കം 166 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അക്രമണത്തിൽ പങ്കെടുത്ത പാക് ഭീകരൻ അജ്മൽ കസബിനെ ജീവനോടെ പിടികൂടിയതിനെത്തുടർന്ന് രാജ്യത്ത് വിചാരണ നടപടികൾ ആരംഭിച്ചു. പ്രതിഭാഗത്തിന് അഭിഭാഷകനെ ലഭ്യമാക്കി നീതിപൂർവമായ വിചാരണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കാസ്മിയെ കോടതി നിയോഗിച്ചത്.
എന്നാൽ, വിചാരണക്കിടെ കോടതിയുമായി സഹകരിക്കാത്തതും നടപടികൾ വൈകിപ്പിച്ചതും ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി 2009 ഡിസംബറിൽ കാസ്മിയുടെ നിയമനം റദ്ദാക്കി. തുടർന്ന് കെ.പി. പവാറിനെ കസബിന്റെ അഭിഭാഷകനായി നിയമിച്ചു. പിന്നീട് കസബിന് വധശിക്ഷ വിധിക്കുകയും 2012 നവംബർ 21ന് പൂനെയിലെ യെർവഡ ജയിലിൽ ശിക്ഷ നടപ്പാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.