ജന്തർ മന്തർ സമരവേദിയിൽ നിന്ന് ഒഴിവാക്കിയ നടപടി: കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: തലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ ജന്തർ മന്തറിനെ പ്രതിഷേധ വേദിയെന്ന പദവിയിൽ നിന്ന് ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്തുള്ള ഹരജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി. ഒക്ടോബർ ഒൻപതിലെ സുപ്രീംകോടതി ഉത്തരവിനെ ആധാരമാക്കിയാണോ ജന്തർ മന്തറിനെ സമരവേദിയിൽ നിന്ന് നീക്കിയതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് കേന്ദ്രത്തോട് ആരാഞ്ഞു.

അഭിഭാഷകയായ സ്വാതി സിംഗ് ഫയൽ ചെയ്ത ഹരജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ. പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി സംഘടിക്കാനുള്ള അവകാശവും (ഭരണഘടനയുടെ അനുച്ഛേദം 19(1)(എ), 19(1)(ബി)) റദ്ദാക്കുന്നതാണ് ഡൽഹി പൊലീസിന്റെ നടപടിയെന്ന് ഹരജിക്കാരിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മുക്ത ഗുപ്ത വാദിച്ചു. ജന്തർ മന്തർ ഡി-നോട്ടിഫൈ ചെയ്തതിന് പിന്നാലെ പ്രക്ഷോഭങ്ങൾ ആളിക്കത്തിയ പശ്ചാത്തലത്തിലാണ് വിഷയം പരമോന്നത കോടതിയുടെ പരിഗണനയിലെത്തിയത്.

ഉത്തരവ് ആധാരമാക്കിയല്ലെന്ന് സോളിസിറ്റർ ജനറൽ

ഡൽഹി പൊലീസിന്റെ നടപടി ഒക്ടോബർ 9-ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലല്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. പ്രതിഷേധങ്ങൾക്ക് ബദൽ വേദികൾ പരിശോധിക്കുന്നതിനായി നേരത്തെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക സമിതി രൂപീകരിച്ചിരുന്നുവെന്നും, ആ സമിതി തയ്യാറാക്കിയ സമഗ്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അദ്ദേഹം വാദിച്ചു. സർക്കാരിന്റെ വിശദമായ സത്യവാങ്മൂലം പരിശോധിച്ച ശേഷം അന്തിമ തീരുമാനം എടുക്കാമെന്ന് കോടതി വ്യക്തമാക്കി.

എന്നാൽ ചൊവ്വാഴ്ച ഡൽഹി ഹൈകോടതിയിൽ ഡൽഹി പോലീസ് നൽകിയ വിശദീകരണത്തിൽ, സുപ്രീംകോടതിയുടെ ഒക്ടോബർ 9-ലെ ഉത്തരവ് പ്രകാരമാണ് ജന്തർ മന്തർ ഡി-നോട്ടിഫൈ ചെയ്തതെന്ന് പറഞ്ഞിരുന്നു. ഈ വൈരുദ്ധ്യമാണ് പരമോന്നത കോടതിയുടെ നേരിട്ടുള്ള ചോദ്യം ചെയ്യലിന് വഴിവെച്ചത്. ഒക്ടോബർ 11-നാണ് ഡൽഹി പൊലീസ് കമീഷണർ അനുരാഗ് കുമാർ ജന്തർ മന്തറിനെ ഒഴിവാക്കി സ്റ്റാൻഡിംഗ് ഓർഡർ പുറപ്പെടുവിച്ചത്. പകരം റാംലീല മൈതാനം, ബുരാഡി ഗ്രൗണ്ട്, ഈസ്റ്റ് ഡൽഹിയിലെ സി.ബി.ഡി ഗ്രൗണ്ട് എന്നിവയെയാണ് പുതിയ വേദികളാക്കിയത്.

'സമരവേദിയുടെ സാന്നിധ്യം പ്രധാനം'; 2018-ലെ വിധി ഉയർത്തിക്കാട്ടി ഹരജി

പ്രതിഷേധിക്കാനുള്ള അവകാശം കേവലം ഏതെങ്കിലും ഒരു തുറസ്സായ സ്ഥലത്ത് ഒത്തുകൂടൽ മാത്രമല്ലെന്നും, ജനങ്ങളുടെ പരാതികൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും മാറ്റങ്ങൾ ആവശ്യപ്പെടാനുമുള്ള ഇടം കൂടിയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ഭരണഘടനാ സ്ഥാപനങ്ങൾക്ക് സമീപമുള്ള പ്രക്ഷോഭങ്ങൾക്ക് ലഭിക്കുന്ന ദൃശ്യതയും സ്വാധീനവും നഗരത്തിന്റെ വിദൂര കോണുകളിലേക്ക് മാറ്റുമ്പോൾ നഷ്ടപ്പെടുമെന്ന് ഹരജിക്കാരി വാദിച്ചു.

2018-ലെ സുപ്രീംകോടതിയുടെ ചരിത്രപ്രസിദ്ധമായ 'മസ്ദൂർ കിസാൻ ശക്തി സംഘതൻ vs യൂണിയൻ ഓഫ് ഇന്ത്യ' വിധിയും ഹരജിയിൽ എടുത്തുപറഞ്ഞു. ക്രമസമാധാന പരിപാലനത്തിന്റെ പേരിൽ ജനങ്ങളുടെ സമാധാനപരമായ പ്രതിഷേധാവകാശത്തെ അട്ടിമറിക്കാൻ കഴിയില്ലെന്ന് പ്രസ്തുത വിധിയിൽ വ്യക്തമാക്കിയിരുന്നു. പുതിയ മൂന്ന് വേദികളിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതുക്കിയ 'എസ്.ഒ.പി' പോലും പുറത്തിറക്കാതെ തിടുക്കപ്പെട്ട് ജന്തർ മന്തറിനെ ഒഴിവാക്കിയത് ഏകപക്ഷീയമാണെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തിൽ കേന്ദ്രത്തിന്റെ ഔദ്യോഗിക മറുപടിക്കായി കാത്തിരിക്കുകയാണ് കോടതി.

Tags:    
News Summary - Did You Rely on Our Order? SC Issues Notice to Centre on Jantar Mantar De-notification Plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.