അജ്ഞാത കോളുകളോട് വിട, ഫോണിൽ വിളിക്കുന്നയാളുടെ പേര് ഇനി തെളിയും; നവംബർ ഒന്ന് മുതൽ പുതിയ സംവിധാനം
ന്യൂഡൽഹി: സേവ് ചെയ്യാത്ത അജ്ഞാത നമ്പറുകളിൽ നിന്ന് കോൾ വരുമ്പോൾ ഇതാരായിരിക്കും എന്ന സംശയത്തിന് ഇനി വിരാമം. രാജ്യത്തെ മൊബൈൽ ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി പുതിയ കോളർ ഐഡി സംവിധാനം നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഫോണിൽ വിളിക്കുന്ന വ്യക്തിയുടെ യഥാർത്ഥ പേര് സ്ക്രീനിൽ കാണിക്കുന്ന കോളിങ് നെയിം പ്രസന്റേഷൻ സേവനം നവംബർ ഒന്ന് മുതൽ നടപ്പിലാക്കാൻ ടെലികോം വകുപ്പ് സേവന ദാതാക്കൾക്ക് കർശന നിർദേശം നൽകി.
ഡിപ്പാര്ട്ട്മെന്റ് ഓഫ് ടെലികോമ്മിന്റെ പുതിയ ഉത്തരവുപ്രകാരം, 4G, 5G നെറ്റ്വർക്കുകൾ ഉപയോഗിക്കുന്ന എല്ലാ മൊബൈൽ ഉപയോക്താക്കളുടെയും ഫോണുകളിൽ ‘കോളിങ് നെയിം പ്രസന്റേഷൻ’ സംവിധാനം നിരന്തരം പ്രവർത്തനക്ഷമമായിരിക്കും. ഇതോടെ, ഫോണിലേക്ക് ഒരു കോൾ വരുമ്പോൾ വിളിക്കുന്നയാളുടെ പേരും നമ്പറും സ്ക്രീനിൽ വ്യക്തമായി തെളിയും.
നിലവിൽ 4G, 5G നെറ്റ്വർക്കുകളിലാണ് ഇത് നിർബന്ധമാക്കിയിട്ടുള്ളത്. അതേസമയം, പഴയ 2G, 3G നെറ്റ്വർക്കുകളിലും ലാൻഡ്ലൈൻ അഥവാ പബ്ലിക് സ്വിച്ച്ഡ് ടെലിഫോൺ നെറ്റ്വർക്കുകളിലും ഈ സേവനം നടപ്പിലാക്കുന്നത് അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
സ്ക്രീനിന്റെ ആദ്യ ഭാഗത്ത് വിളിക്കുന്നയാളുടെ നമ്പറും, രണ്ടാമത്തെ ഭാഗത്ത് ഉപയോക്താവിന്റെ ഫോണിൽ സേവ് ചെയ്തിട്ടുള്ള പേരുമായിരിക്കും കാണിക്കുക. കോൾ ചെയ്യുന്നയാളുടെ നമ്പർ ഫോണിൽ സേവ് ചെയ്തിട്ടില്ലെങ്കിൽ, ആഭ്യന്തര കോളുകൾക്കായി ടെലികോം ഓപ്പറേറ്ററുടെ ഡാറ്റാബേസിൽ കസ്റ്റമർ ആപ്ലിക്കേഷൻ ഫോമിൽ നൽകിയിട്ടുള്ള യഥാർത്ഥ പേര് സ്ക്രീനിൽ തെളിയും. വിദേശത്തുനിന്നുള്ള കോളുകൾക്ക് സ്ക്രീനിൽ 'ഇന്റർനാഷണൽ കോൾ' എന്ന് മാത്രമായിരിക്കും പ്രദർശിപ്പിക്കുക.
ഈ സംവിധാനത്തിനായി ഓരോ ടെലികോം സേവന ദാതാവും വരിക്കാരുടെ പേരുകൾ അവരുടെ നമ്പറുകളുമായി ബന്ധപ്പെടുത്തി പ്രത്യേക ഡാറ്റാബേസ് നിർമിച്ച് പരിപാലിക്കണം. കോൾ സ്വീകരിക്കുന്ന ഓപ്പറേറ്റർ ഈ ഡാറ്റാബേസ് വഴി പേര് കണ്ടെത്തി ഉപയോക്താവിന് മുന്നിൽ എത്തിക്കുന്ന തരത്തിലാണ് ഇതിന്റെ സാങ്കേതിക ക്രമീകരണങ്ങൾ തയാറാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.