ഇമ്രാൻ ഖാൻ

ഒക്ടോബർ 28നകം ഇന്ത്യ വിടണം: നടൻ ഇമ്രാൻ ഖാന് നോട്ടീസ് നൽകി മുംബൈ പൊലീസ്

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ സമരത്തിൽ പങ്കെടുത്തതിന് ബോളിവുഡ് നടനും ആമിർ ഖാന്റെ അനന്തരവനുമായ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ നിർദ്ദേശം നൽകി മുംബൈ പൊലീസ്. 28 നകം രാജ്യം വിടാനാണ് അമേരിക്കൻ പൗരത്വമുള്ള ഇമ്രാൻ ഖാന് നിർദ്ദേശം നൽകിയത്. ഇന്ത്യൻ പൗരൻ അല്ലാതിരുന്നിട്ടും പ്രതിഷേധത്തിൽ പങ്കെടുത്തതിന് എമിഗ്രേഷൻ നിയമത്തിലെ വകുപ്പ് പ്രകാരമാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. വിദേശ പൗരനായ ഇമ്രാൻ ഖാനെ നാടുകടത്താൻ ആവശ്യപ്പെട്ട് ബിജെപി നേതാവ് കിരിത് സോമയ്യ മുംബൈ പൊലിസിന് കത്തെഴുതിയതിന് പിന്നാലെയാണ് നടപടി. കോക്രോച് ജനതാ പാർട്ടി (സി.ജെ.പി) ക്ക് ഐക്യദാർഢ്യവുമായി ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി ആഹ്വാനം ചെയ്ത റാലിയിൽ പങ്കെടുക്കാൻ ആഗസ്റ്റ്ക്രാന്തി മൈതാനത്ത് എത്തിയ ഇമ്രാൻ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വിദേശ പൗരന്മാർ രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുക്കരുതെന്ന് ചട്ടം

ഇന്ത്യൻ പൗരനല്ലാതിരുന്നിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെതിരായ സമരത്തിൽ പങ്കെടുത്തതാണ് നടനെതിരെയുള്ള നടപടിക്ക് കാരണമെന്ന് മുംബൈ പോലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു:

"നടൻ ആമിർ ഖാന്റെ അനന്തരവനായ ഇമ്രാൻ ഖാന് 'ലീവ് ഇന്ത്യ നോട്ടീസ്' നൽകിയിട്ടുണ്ട്. നോട്ടീസ് പ്രകാരം ഒക്ടോബർ 28-നകം അദ്ദേഹം രാജ്യം വിടണം. സി.ഇ.സി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഓഗസ്റ്റ് ക്രാന്തി മൈതാനിൽ നടന്ന സമരത്തിൽ ഇമ്രാൻ ഖാൻ പങ്കെടുക്കുകയും തുടർന്ന് കസ്റ്റഡിയിലാവുകയും ചെയ്തിരുന്നു. ഇന്ത്യൻ പൗരനല്ലെന്നിരിക്കെ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ഇമിഗ്രേഷൻ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് നടപടി."

— മുംബൈ പോലീസ് വ്യക്തമാക്കി.

വിദേശ പൗരത്വമുള്ള വ്യക്തികൾക്കോ ഒ.സി.ഐ കാർഡുടമകൾക്കോ ഇന്ത്യയിൽ യാതൊരുവിധ രാഷ്ട്രീയ പ്രക്ഷോഭങ്ങളിലും ഭാഗമാകാൻ നിയമപരമായി അനുവാദമില്ല.

പരാതിയുമായി കിരിത് സോമയ്യ; പിന്നാലെ പോലീസ് നീക്കം

ബി.ജെ.പി നേതാവ് കിരിത് സോമയ്യ ഒക്ടോബർ 12-ന് നൽകിയ ഔദ്യോഗിക പരാതിയെ തുടർന്നാണ് പോലീസ് നടപടി വേഗത്തിലാക്കിയത്. ഇമ്രാൻ ഖാന്റെ യു.എസ് പൗരത്വം ചൂണ്ടിക്കാട്ടിയ സോമയ്യ, വോട്ടർപട്ടിക പരിഷ്കരണമായ എസ്.ഐ.ആർ പ്രക്രിയ മുസ്‌ലിം വിരുദ്ധമാണെന്ന തെറ്റായ പ്രചാരണം ഉണ്ടാക്കാനാണോ നടൻ എത്തിയതെന്ന് ചോദിച്ചിരുന്നു:

"ഇമ്രാൻ ഖാനെ അടിയന്തരമായി വിളിച്ചുവരുത്തി പൗരത്വ രേഖകൾ പരിശോധിക്കണമെന്ന് ഞാൻ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇമ്രാൻ ഖാൻ എന്തിനാണ് അവിടെയെത്തിയത്? എസ്.ഐ.ആർ നടപടികൾ മുസ്‌ലിംകൾക്കെതിരാണെന്ന വ്യാജപ്രചാരണം ആളിക്കത്തിക്കാനാണോ? വളരെ കുറഞ്ഞ മുസ്‌ലിം ജനസംഖ്യ മാത്രമുള്ള മലബാർ ഹിൽ മണ്ഡലത്തിൽ പോലും എസ്.ഐ.ആർ വഴി 40 ശതമാനത്തോളം വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിനെ സാമുദായികവൽക്കരിക്കാനാണ് ഇവർ ശ്രമിക്കുന്നത്."

— കിരിത് സോമയ്യ ആരോപിച്ചു.

ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും തെരഞ്ഞെടുപ്പ് കമീഷനെതിരെ നടത്തുന്ന വൻ പ്രക്ഷോഭങ്ങൾക്ക് സമാന്തരമായി മുംബൈയിൽ നടന്ന സമരത്തിൽ പങ്കെടുത്തതാണ് ബോളിവുഡ് താരത്തിന് ഇപ്പോൾ വിനയായിരിക്കുന്നത്.

Tags:    
News Summary - Actor Imran Khan Ordered to Leave India by Oct 28 After Attending Anti-CEC Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.