ഭൂരേഖകൾ ഇനി വിരൽത്തുമ്പിൽ; കേരളമുൾപ്പെടെ 19 സംസ്ഥാനങ്ങളിൽ ഡിജിറ്റൽ രേഖകൾ വീട്ടിലിരുന്ന് ഡൗൺലോഡ് ചെയ്യാം

ന്യൂഡൽഹി: ഭൂമി സംബന്ധമായ രേഖകൾ കൈകാര്യം ചെയ്യുന്നതിൽ വിപ്ലവകരമായ നീക്കവുമായി കേന്ദ്ര സർക്കാർ. കേരളം ഉൾപ്പെടെയുള്ള 19 സംസ്ഥാനങ്ങളിലെ പൗരന്മാർക്ക് നിയമസാധുതയുള്ള ഡിജിറ്റൽ ഭൂരേഖകൾ വീട്ടിലിരുന്നുതന്നെ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെന്ന് ദേശീയ ഗ്രാമവികസന മന്ത്രാലയം അറിയിച്ചു. ഇതോടെ, 406 ജില്ലകളിലെ ബാങ്കുകൾക്ക് പണയ ഇടപാടുകൾ ഓൺലൈനായി പരിശോധിക്കാനുള്ള സൗകര്യവും നിലവിൽവരും. ഇത് വായ്പാ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും.

കേരളം, ആന്ധ്രാപ്രദേശ്, ബിഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഭൂരേഖകളാണ് ഓൺലൈനായി പരിശോധിക്കാൻ സാധിക്കുക.

ഭൂരേഖകളുടെ ഡിജിറ്റലൈസേഷൻ ഏകദേശം പൂർത്തിയായതോടെ ഭൂഭരണ സംവിധാനം പൂർണമായും ഓൺലൈനിലേക്ക് മാറിയതായി ഭൂരേഖ വകുപ്പ് അറിയിച്ചു. രാജ്യത്തെ 97.27 ശതമാനം ഗ്രാമങ്ങളിലെയും ഭൂമിയുടെ കൈവശാവകാശ രേഖകൾ കമ്പ്യൂട്ടറൈസ്ഡ് ചെയ്തുകഴിഞ്ഞു. 97.14 ശതമാനം വില്ലേജുകളിൽ കാഡസ്ട്രൽ മാപ്പുകൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ഇതിൽ 84.89 ശതമാനം വില്ലേജുകളിലെയും ഭൂരേഖകളും ഭൂപടങ്ങളും തമ്മിൽ പരസ്പരം ബന്ധിപ്പിച്ചു. നഗരങ്ങളിലെ ഭൂമി പരിപാലനത്തിനായി നടപ്പിലാക്കിയ ‘നക്ഷ’ (NAKSHA) പദ്ധതിയും പുരോഗമിക്കുകയാണ്. 116 നഗരസഭകളിൽ ആകാശ സർവേ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു.

ഭൂമിയിലെ ഓരോ പ്ലോട്ടിനും തിരിച്ചറിയൽ നമ്പറായി 14 അക്കങ്ങളുള്ള യുണീക് ലാൻഡ് പാഴ്സൽ ഐഡന്റിഫിക്കേഷൻ നമ്പർ നടപ്പാക്കിയിട്ടുണ്ട്. ‘ഭൂമിയുടെ ആധാർ’ എന്ന് വിളിക്കപ്പെടുന്ന ഈ സംവിധാനം 2025 നവംബർ വരെ 29 സംസ്ഥാനങ്ങളിലെ 36 കോടി പ്ലോട്ടുകൾക്കാണ് അനുവദിച്ചത്.

നാഷനൽ ജനറിക് ഡോക്യുമെന്റ് രജിസ്ട്രേഷൻ സിസ്റ്റം വഴി വസ്തു ഇടപാടുകൾ കൂടുതൽ സുതാര്യമാക്കിയതായും ദേശീയ ഗ്രാമവികസന മന്ത്രാലയം പറഞ്ഞു. പഞ്ചാബ്, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ് തുടങ്ങി 17 സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കി. രാജ്യത്തെ 88.6 ശതമാനം സബ് രജിസ്ട്രാർ ഓഫിസുകളും റവന്യൂ ഓഫിസുകളുമായി ബന്ധിപ്പിച്ചതോടെ, ആധാരം രജിസ്റ്റർ ചെയ്താലുടൻ തണ്ടപ്പേർ മാറ്റം ഉൾപ്പെടെയുള്ള നടപടികൾ സ്വയമേ നടക്കും. പദ്ധതിയുടെ ഭാഗമായി നിശ്ചിത ലക്ഷ്യങ്ങൾ കൈവരിച്ച 24 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 1,050 കോടി രൂപയുടെ ധനസഹായം കേന്ദ്രം അനുവദിക്കും.

News Summary - Land Records Go Digital: Citizens in 19 States Including Kerala Can Now Download Records From Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.