തീവ്രവാദ ബന്ധമാരോപിച്ച് വ്യാജ പൊലീസിന്റെ 19 ദിവസം നീണ്ട ഡിജിറ്റൽ അറസ്റ്റ്: 70കാരന് നഷ്ടമായത് 21.55 ലക്ഷം!

മുംബൈ: 19 ദിവസത്തോളം നീണ്ട ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ നാഗ്പൂരിലെ 70 വയസ്സുള്ള വിരമിച്ച ഉദ്യോഗസ്ഥന് നഷ്ടപ്പെട്ടത് 21.55 ലക്ഷം രൂപ. തട്ടിപ്പുകാർ പൊലീസുകാരായി വേഷംമാറി ആഗസ്റ്റ് 9 മുതൽ 28 വരെ തുടർച്ചയായി 19 ദിവസം വയോധികനെ ‘ഡിജിറ്റൽ അറസ്റ്റിൽ’ സൂക്ഷിച്ചു. വ്യാജ വാറണ്ടുകളും ഭീകരവാദ ധനസഹായ അവകാശവാദങ്ങളും ഉപയോഗിച്ചാണ് ഇവർ പണം തട്ടിയെടുത്തത്. നടുക്കത്തിലമർന്ന വയോധികൻ ഒരു മാസത്തിനുശേഷം മാത്രമാണ് ഈ സംഭവം ബന്ധുവിനോട് പങ്കുവെച്ചത്.

പൊലീസ് പറയുന്നത് ഇങ്ങനെയാണ്: നാഗ്പൂർ നിവാസിക്ക് ആഗസ്റ്റ് 9ന് ഒരു റാൻഡം വിഡിയോ കോൾ ലഭിച്ചു. അതിൽ പൊലീസ് യൂനിഫോമിൽ ഒരാളെ കണ്ടു. കൊളാബ സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനാണെന്ന് വ്യാജ പൊലീസുകാരൻ സ്വയം പരിചയപ്പെടുത്തി. താങ്കളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്ത ഒരു ഭീകരവാദ ഫണ്ടിങ് കേസിൽ പേര് ഉൾപ്പെട്ടതായി അയാൾ വയോധികനോട് പറഞ്ഞു.

തുടർന്ന് തട്ടിപ്പുകാരൻ വ്യാജ അറസ്റ്റ് വാറന്റും കേന്ദ്ര നിയമ ഏജൻസികളുടെയും ധനകാര്യ മന്ത്രാലയത്തിന്റെയും പേരുകൾ അടങ്ങിയ രേഖകളും പങ്കിട്ടു. തട്ടിപ്പ് യഥാർഥമാണെന്ന് വരുത്തിത്തീർക്കാൻ ഒരു തീവ്രവാദ സംഘടനയുടെ പേരും പരാമർശിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിശോധനക്കു ശേഷം  മാത്രമേ ഫണ്ട് ചെയ്ത പണം തിരികെ ലഭിക്കൂ എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാർ ഇയാളെ പരിഭ്രാന്തനാക്കി. 19 ദിവസത്തിനുള്ളിൽ 21.55 ലക്ഷം രൂപ അവർ പറഞ്ഞ അക്കൗണ്ടിലേക്ക് വയോധികൻ അയച്ചു കൊടുത്തു. ശേഷം വ്യാജ പൊലീസുകാർ ‘ക്ലീൻ ചിറ്റ്’ നൽകിയെന്നും അന്വേഷണം കഴിയുന്ന മുറക്ക് ഈ പണം തിരികെ നൽകുമെന്നും അവർ അറിയിച്ചതായി വയോധികൻ പറഞ്ഞു.

Tags:    
News Summary - Fake police digital arrest for 19 days on terror charges: 70year-old loses Rs 21.55 lakh; reveals details a month later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.