ന്യൂഡൽഹി: ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്ന പാരസെറ്റമോൾ മരുന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ ) നിരോധിച്ചിട്ടില്ലെന്ന് കേന്ദ്ര രാസവള സഹമന്ത്രി അനുപ്രിയ പട്ടേൽ പറഞ്ഞു. വ്യാപകമായി ഉപയോഗിക്കുന്ന ഈ മരുന്നിനെക്കുറിച്ച് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ യാതൊരു നിർദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് അനുപ്രിയ വ്യക്തമാക്കി. പാർലമെന്റിൽ നടന്നുകൊണ്ടിരിക്കുന്ന മൺസൂൺ സമ്മേളനത്തിലാണ് അനുപ്രിയ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് പാരസെറ്റമോൾ നിരോധിച്ചിട്ടില്ല. എന്നാൽ പാരസെറ്റമോളിനൊപ്പം മറ്റ് മരുന്നുകളുടെ സംയോജനം ഉൾപ്പെടെ വിവിധ ഫിക്സഡ് ഡോസ് കോമ്പിനേഷനുകൾ രാജ്യത്ത് നിരോധിച്ചിട്ടുണ്ട് എന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ സൗജന്യ മരുന്ന് സേവന സംരംഭം സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും സർക്കാർ ആശുപത്രികളും ഗ്രാമീണ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന രോഗികളുടെ പോക്കറ്റിൽ നിന്ന് പണം ചെലവഴിക്കുന്നത് കുറക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യ അവശ്യ മരുന്നുകൾ നൽകുന്നതിന് സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്. മരുന്നുകളുടെ സംഭരണം, ഗുണനിലവാരം, വിതരണ ശൃംഖല മാനേജ്മെന്റ്, വെയർഹൗസിങ്, കുറിപ്പടി ഓഡിറ്റ്, പരാതി പരിഹാരം എന്നീ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനോ സ്ഥാപിക്കുന്നതിനോ, സ്റ്റാൻഡേർഡ് ചികിത്സാ മാർഗനിർദേശങ്ങൾ പ്രചരിപ്പിക്കുന്നതിനോ പിന്തുണ ലഭ്യമാണ്.
സർക്കാർ ആശുപത്രികൾ, ഗ്രാമീണ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കേണ്ട സൗകര്യങ്ങൾ തിരിച്ചുള്ള അവശ്യ മരുന്നുകളുടെ പട്ടികയും ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ടെന്ന് അനുപ്രിയ പറഞ്ഞു. ഉപാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ഉപജില്ലാ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവക്കായി ശിപാർശ ചെയ്യുന്ന അവശ്യ മരുന്നുകളുടെ പട്ടികയിൽ യഥാക്രമം 106, 172, 300, 318, 381 മരുന്നുകൾ ഉൾപ്പെടുന്നു.
സർക്കാർ ആശുപത്രികളിലും ഗ്രാമീണ ആരോഗ്യ സൗകര്യങ്ങളിലും അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത വിതരണ ശൃംഖല ഉറപ്പാക്കുന്നതിന്, മെഡിക്കൽ സ്റ്റോർ ഓർഗനൈസേഷൻ (എം.എസ്.ഒ) / ഗവൺമെന്റ് മെഡിക്കൽ സ്റ്റോർ ഡിപ്പോകൾ (ജി.എം.എസ്.ഡി) 697 മരുന്ന് ഫോർമുലേഷനുകൾക്കായി സജീവ നിരക്ക് കരാറുകളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.