ധ്രുവ് റാഠി
ബി.ജെ.പി വേട്ടയാടുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ പിന്തുണച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി.ബി.ജെ.പി നേതാക്കൾ ഒന്നടങ്കം ചെയ്തതിനേക്കാൾ കൂടുതൽ നല്ല കാര്യങ്ങൾ സോനം വാങ്ചുക് ഇന്ത്യക്ക് വേണ്ടി ചെയ്തിട്ടുണ്ടെന്നായിരുന്നു ധ്രുവ് റാഠി എക്സിൽ കുറിച്ചത്.
വിദ്യാസമ്പന്നരായ ആളുകൾ അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നത് സഹിക്കാൻ ബി.ജെ.പിക്ക് കഴിയില്ല. അതുകൊണ്ടാണ് അവർ സോനം വാങ്ചുകിനെ ലക്ഷ്യംവെക്കുന്നത്. എല്ലാവരെയും മണ്ടൻമാരായ അന്ധഭക്തരാക്കി മാറ്റാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ആൽബർട്ട് ഐൻസ്റ്റിനെ ഹിറ്റ്ലർ എങ്ങനെയാണോ വേട്ടയാടിയിരുന്നത്, അതുപോലെ തന്നെയാണിതെന്നും ധ്രുവ് റാഠി ചൂണ്ടിക്കാട്ടി.
നാലുപേരുടെ ജീവൻ നഷ്ടമായ ലഡാക്ക് പ്രക്ഷോഭത്തിന് പിന്നാലെയാണ് കേന്ദ്രസർക്കാർ വാങ് ചുക്കിന് എതിരെ തിരിഞ്ഞത്. ലഡാക്കിലെ ആൾക്കൂട്ട അക്രമത്തിന് പിന്നിൽ സോനം വാങ്ചുക്ക് ആണെന്നും അറബ് വസന്തത്തെ കുറിച്ചും നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തെ കുറിച്ചും പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയ സോനം, ജനങ്ങളെ ഇളക്കി വിടുകയാണെന്നാണ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
സോനം വാങ്ചുക്കിന്റെ വാക്കുകേട്ടാണ് ജനങ്ങൾ ബി.ജി.പി ഓഫിസും ലേയിലെ സർക്കാർ ഓഫിസും ആക്രമിച്ചതെന്നും പൊലീസ് വാഹനങ്ങൾക്ക് തീയിട്ടതെന്നും ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തി.
ലഡാക്കിലെ ലേ നഗരത്തിൽ ‘ലേ അപക്സ് ബോഡി’ (എൽ.എ.ബി) ആഹ്വാനം ചെയ്ത ബന്ദിനിടെയാണ് കഴിഞ്ഞ ദിവസം പ്രതിഷേധക്കാരും സുരക്ഷസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടിയത്. സംഭവത്തിൽ നാലുപേർ കൊല്ലപ്പെടുകയും 70ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് വെടിവെപ്പിലാണ് മരണമെന്ന് ആദ്യ റിപ്പോർട്ടുകൾ പറയുന്നു. അക്രമാസക്തരായ ജനം ഇവിടത്തെ ബി.ജെ.പി ഓഫിസിന് തീയിട്ടു. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടിക പ്രകാരമുള്ള പ്രത്യേക അവകാശങ്ങളും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. ഇതേ വിഷയം ഉന്നയിച്ച് സോനം വാങ്ചുക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനിടയിലാണ് സംഘർഷവും വെടിവെപ്പുമുണ്ടായത്. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു. ലഡാക്ക് പ്രതിനിധികൾ കേന്ദ്രസർക്കാറുമായി ഒക്ടോബർ ആറിന് ചർച്ച നടത്താനിരിക്കേയാണ് അക്രമവും ലാത്തിച്ചാർജും അരങ്ങേറിയത്. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. അക്രമം തുടരുന്ന ലേയിൽ സുരക്ഷ ശക്തമാക്കി. ഇവിടെ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ കേന്ദ്ര ഭരണ പ്രദേശമാക്കിയ ലഡാക്കിന് നഷ്ടപ്പെട്ട സംരക്ഷണം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക അവകാശം നൽകുന്ന ഭരണഘടനയുടെ ആറാം പട്ടികയിലൂടെ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സെപ്റ്റംബർ 10ന് വാങ്ചുകിന്റെ നേതൃത്വത്തിൽ 15 പേർ നിരാഹാര സമരം തുടങ്ങിയത്. ഈ ആവശ്യവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറുമായി നടത്തുന്ന ചർച്ചകൾ എവിടെയും എത്താത്ത സാഹചര്യത്തിൽകൂടിയായിരുന്നു നിരാഹാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.