ധ്രുവ് റാഠി
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച വോട്ട് മോഷണം സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബി.ജെ.പിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബർ ധ്രുവ് റാഠി. 'ഇപ്പോൾ ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പിന് പിന്നിലെ മുഴുവൻ അജണ്ടയും വ്യക്തമാണ്. വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നത് വളരെ എളുപ്പമാണ്. കൈയോടെ പിടിക്കപ്പെടാനുള്ള സാധ്യത കുറവാണ്' -എന്ന് അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.
തെരഞ്ഞെടുപ്പ് കമീഷനെയും കേന്ദ്രസർക്കാറിനെയും പ്രതിക്കൂട്ടിലാക്കി ‘വോട്ട് ചോരി’ തെളിവുകൾ സഹിതമാണ് കോൺഗ്രസ് പുറത്തുവിട്ടത്. വോട്ടർമാരിൽ ചിലരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അക്ഷരങ്ങൾ മാത്രമാണുള്ളതെന്നും 70ഉം 80 വയസുള്ളവർ വരെ കന്നിവോട്ടർമാരായതായും അദ്ദേഹം തെളിവുസഹിതം ചൂണ്ടിക്കാട്ടി. കള്ളവോട്ടുകളിലൂടെയാണ് എൻ.ഡി.എ സർക്കാർ മൂന്നാംവട്ടവും അധികാരം അരക്കിട്ടുറപ്പിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും കർണാടകയിലെയും വോട്ടെടുപ്പിൽ വൻ കൃത്രിമം നടന്നതായും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ആരോപിച്ചു. 'വോട്ട് ചോരി' എന്ന പേരിലുള്ള പ്രസന്റേഷൻ സഹിതമായിരുന്നു രാഹുലിന്റെ വാർത്താസമ്മേളനം. പല സംസ്ഥാനങ്ങളിലും വ്യാപക ക്രമക്കേടുകൾ നടന്നു. ഇതിനെല്ലാം തെരഞ്ഞെടുപ്പ് കമീഷൻ കൂട്ടുനിന്നു.
ചില തെരഞ്ഞെടുപ്പ് ഫലങ്ങൾ വലിയ ഞെട്ടലുണ്ടാക്കി. മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് കണ്ടതാണ്. മഹാരാഷ്ട്രയിൽ അഞ്ചുവർഷം കൊണ്ട് ചേർത്തതിനേക്കാൾ കൂടുതൽ വോട്ടർമാരെയാണ് വെറും അഞ്ചുമാസം കൊണ്ട് ചേർത്തത്. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും ദുരൂഹത ഉണ്ടെന്നും രാഹുൽ വ്യക്തമാക്കി.
അതേസമയം, ക്രമക്കേട് സംബന്ധിച്ച് രാഹുൽ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവ് സമർപ്പിക്കാനാണ് കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധി പ്രദർശിപ്പിച്ച രേഖകൾ പോളിങ് ഓഫിസർ നൽകിയതല്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അതിനെ സാധൂകരിക്കുന്ന തെളിവുകൾ സമർപ്പിച്ചാൽ അന്വേഷണം നടത്താമെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.