പ്രജ്വൽ രേവണ്ണയുടെ വിഡിയോ ചോർത്തിയത് ബി.ജെ.പി നേതാവ്; കേസെടുത്ത് പൊലീസ്

ബംഗളൂരു: ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയുടെ വിഡിയോകൾ ചോർത്തിയത് ബി.ജെ.പി നേതാവ് ദേവരാജ ഗൗഡയാണെന്ന് കർണാടക പൊലീസ്. വിഡിയോകൾ ചോർത്തിയതിന് ചിത്രദുർഗ പൊലീസ് ഗൗഡയെ അറസ്റ്റ് ചെയു. പെൻഡ്രൈവ് ഉപയോഗിച്ച് ഇയാൾ വിഡിയോകൾ ചോർത്തുകയായിരുന്നുവെന്നാണ് കർണാടക പൊലീസ് പറയുന്നത്.

പ്രജ്വൽ രേവണ്ണയുടെ നിരവധി ലൈംഗികാതിക്രമ വിഡിയോകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതികളിൽ അന്വേഷണം നടത്താൻ കർണാടക സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തുടർന്ന് രേവണ്ണ ജർമ്മനയിലേക്ക് മുങ്ങുകയായിരുന്നു. പിന്നീട് മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ പേരമകനായ പ്രജ്വലിനെതിരെ ഇന്റർപോൾ ബ്ലുകോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ബലാത്സംഗത്തിന് ഉൾപ്പടെ പ്രജ്വൽ രേവണ്ണക്കെതിരെ കേസുണ്ട്.

അതേസമയം, ദേവരാജ ഗൗഡക്കെതിരെ ലൈംഗികാതിക്രമത്തിനും കേസെടുത്തിട്ടുണ്ട്. യുവതിയും ഭർത്താവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലൈംഗികാതിക്രമത്തിനും എസ്.സി-എസ്.ടി വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യത്തിനും കേസെടുത്തത്. 10 മാസത്തോളം തന്നെ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയത്. ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. സ്ഥലം വിൽക്കാൻ സഹായിക്കാമെന്ന് ഇയാൾ വാഗ്ദാനം നൽകിയിരുന്നതായി യുവതി പറയുന്നു.

പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സി.ബി.ഐക്ക് വിടേണ്ട ആവശ്യമില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നിയമപരമായ അന്വേഷണം കേസിൽ പൊലീസ് നടത്തുമെന്ന് ആത്മവിശ്വാസമുണ്ട്. അതുകൊണ്ട് കേസ് നിലവിൽ സി.ബി.ഐക്ക് വിടേണ്ട ആവശ്യമില്ലെന്ന് സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി കുമാരസ്വാമി കേസ് സി.ബി.ഐക്ക് വിടാൻ അഭ്യർഥിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. ബി.ജെ.പി ഒരു കേസെങ്കിലും സി.ബി.ഐക്ക് വിട്ടിട്ടുണ്ടോയെന്ന് സിദ്ധരാമയ്യ ചോദിച്ചു. കോൺഗ്രസ് സർക്കാർ ഭരിച്ചിരുന്ന സമയത്ത് ഡോ.രവി കേസ്, ലോട്ടറി കേസ്, ​മന്ത്രി കെ.ജി ജോർജിനെതിരായ ആരോപണങ്ങൾ എന്നിവയെല്ലം സി.ബി.ഐക്ക് വിട്ടു. ഈ കേസുകളിൽ ആരെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോയെന്നും സിദ്ധരാമയ്യ ചോദിച്ചു.

ബി.ജെ.പി മുമ്പ് സി.ബി.ഐയെ കറപ്ഷൻ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ എന്നാണ് വിളിച്ചിരുന്നത്. ദേവഗൗഡ ചോർ ബച്ചാവോ ഓർഗനൈസേഷനെന്ന് വിളിച്ചു. ഇപ്പോൾ നിങ്ങൾക്ക് സി.ബി.ഐയിൽ വിശ്വാസമുണ്ടോ. ഞങ്ങളുടെ സർക്കാർ നിയമപരമായ കാര്യങ്ങളിൽ ഇടപെടാറില്ല. രേവണ്ണ കേസിൽ അന്വേഷണസംഘം ശരിയായി അന്വേഷണം നടത്തും. നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ അവരെ നിർബന്ധിക്കില്ല. പൊലീസിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

Tags:    
News Summary - Devaraje Gowda, BJP leader arrested amid Prajwal Revanna sex scandal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.